ഇവിടെ രാജാവും രാജകുമാരനുമില്ല: നിലപാട് വ്യക്തമാക്കി ആഞ്ചലോട്ടി!
ഇന്ന് യുവേഫ സൂപ്പർ കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് മത്സരം അരങ്ങേറുക. പോളണ്ടിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.കിരീടം നേടിക്കൊണ്ട് ഈ സീസൺ ആരംഭിക്കാം എന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ് ഉള്ളത്.
നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമാണ് ഇന്ന് റയൽ മാഡ്രിഡ് സ്‌ക്വാഡ്. താരബാഹുല്യം റയലിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്.എന്നാൽ അക്കാര്യത്തിൽ പേടിക്കേണ്ടതില്ല എന്നാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുള്ളത്.റയൽ എന്ന ക്ലബ്ബിനകത്ത് ആർക്കും മുൻഗണനയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇവിടെ രാജാവുമില്ല, രാജകുമാരനുമില്ല എന്ന സ്റ്റേറ്റ്മെന്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ സ്‌ക്വാഡിൽ രാജാവുമില്ല,രാജകുമാരനും ഇല്ല. ഇവിടുത്തെ അന്തരീക്ഷം വളരെ നല്ല നിലയിലാണ് ഉള്ളത്.അതിന് നന്ദി പറയേണ്ടത് ഈ ടീമിനകത്തെ വെറ്ററൻ താരങ്ങളായ കാർവ്വഹൽ,മോഡ്രിച്ച് എന്നീ താരങ്ങളോടാണ് ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ടീമിനകത്ത് നിലവിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല,എല്ലാവരും ഒരുപോലെയാണ്, എല്ലാവർക്കും തുല്യ പരിഗണനയാണ് എന്നുള്ളതാണ് ഈ സ്റ്റേറ്റ്മെന്റിലൂടെ റയൽ പരിശീലകൻ പ്രതിപാദിച്ചിട്ടുള്ളത്.ഈ സമ്മറിൽ കിലിയൻ എംബപ്പേ,എൻഡ്രിക്ക് എന്നിവരെയാണ് റയൽ മാഡ്രിഡ് കൊണ്ടുവന്നിട്ടുള്ളത്. നിലവിൽ ഓരോ പൊസിഷനുകളിലും മികച്ച താരങ്ങളെ ക്ലബ്ബിന് ലഭ്യമാണ്. മാത്രമല്ല റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര ഇന്ന് ഏവരെയും ഭയപ്പെടുത്തുന്ന ഒന്നുകൂടിയാണ്.