ഇവിടെ നിന്നാൽ ബാലൺ ഡി’ഓർ നേടാമെന്ന് റൊണാൾഡോ പറഞ്ഞു: വിനീഷ്യസ്
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.റയൽ മാഡ്രിഡിന് വേണ്ടി ആകെ 39 മത്സരങ്ങൾ കളിച്ച താരം 24 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും അദ്ദേഹം ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്. വലിയ മത്സരങ്ങളിൽ തിളങ്ങി എന്നുള്ളത് തന്നെയാണ് വിനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ വിനി തന്നെയാണ്. അദ്ദേഹത്തിന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ജൂഡ് ബെല്ലിങ്ങ്ഹാമും റോഡ്രിയും രംഗത്തുണ്ട്. ഏതായാലും ബാലൺഡി’ഓറിനെ കുറിച്ചും ബ്രസീലിയൻ ഇതിഹാസങ്ങൾ തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ചും ചില കാര്യങ്ങൾ വിനീഷ്യസ് പറഞ്ഞിട്ടുണ്ട്.CNN ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.വിനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ കുറച്ച് സമയം റൊണാൾഡോ നസാരിയോയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ അവിടെ വെച്ച് ട്രെയിനിങ് നടത്തുകയും ചെയ്തിരുന്നു.അപ്പോൾ റൊണാൾഡോ എന്നോട് പറഞ്ഞു,നീ കുറച്ച് ദിവസം കൂടി ഇവിടെ ചിലവഴിക്കുകയാണെങ്കിൽ നിനക്ക് ബാലൺഡി’ഓറിനോട് കൂടുതൽ അടുക്കാൻ പറ്റും എന്ന്. ഒരുപാട് അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല ബാലൺഡി’ഓർ നേടുകയും ചെയ്തിട്ടുണ്ട്. ബ്രസീലിയൻ ഇതിഹാസങ്ങൾ നേടിയ ബാലൺഡി’ഓർ സ്വന്തമാക്കാൻ സാധിക്കുകയാണെങ്കിൽ അത് മനോഹരമായി ഒരു കാര്യം തന്നെയായിരിക്കും. എനിക്ക് ഉദാഹരണങ്ങളായി കൊണ്ട് കക്കയുണ്ട്. രണ്ടുതവണ ബാലൺഡി’ഓർ നേടിയ റൊണാൾഡോ നസാരിയോയുണ്ട്.റൊണാൾഡീഞ്ഞോയും റിവാൾഡോയുമുണ്ട്. ഇങ്ങനെ ബാലൺഡി’ഓർ നേടിയ പല ബ്രസീലിയൻ ഇതിഹാസങ്ങളും ഇവിടെയുണ്ട്. പക്ഷേ റൊണാൾഡോയും ഡീഞ്ഞോയുമാണ് എന്നോട് ഏറ്റവും കൂടുതൽ അടുത്തവർ. ഞാൻ ബാലൺഡി’ഓർ നേടേണ്ടതുണ്ട് എന്നുള്ള കാര്യം അവർ രണ്ടുപേരും എല്ലാ ദിവസവും എന്നെ ഓർമിപ്പിക്കും ” ഇതാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുള്ളത്.
അതായത് എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളുടെയും പിന്തുണ വിനിക്കുണ്ട്.അവർ ഈ താരത്തെ സപ്പോർട്ട് ചെയ്യുകയും സഹായിക്കുകയും ചെയ്യുന്നു. ഇത്തവണ ബാലൺഡി’ഓറിൽ ഒരു കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.ആര് നേടും എന്നുള്ളത് തികച്ചും അപ്രവചനീയമായ ഒരു കാര്യമാണ്