ഇരട്ടഗോളുമായി മെസ്സി, ഗോളും അസിസ്റ്റുമായി കൂട്ടീഞ്ഞോ, ബാഴ്സക്ക് ജയം !

ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ ജിറോണയെ തകർത്തു വിട്ടത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ടഗോൾ മികവിലാണ് ബാഴ്‌സ വീണ്ടും ജയമാവർത്തിച്ചത്. ശേഷിച്ച ഗോൾ ഫിലിപ്പെ കൂട്ടീഞ്ഞോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ജിറോണയുടെ ആശ്വാസഗോൾ സാമുവൽ സൈസിന്റെ വകയായിരുന്നു. തുടർച്ചയായ രണ്ടാം സൗഹൃദമത്സരത്തിലാണ് ബാഴ്സ ജയം നേടുന്നത്. ആദ്യ മത്സരത്തിൽ ഇതേ സ്കോറിന് തന്നെ ജിംനാസ്റ്റിക്കിനെ ബാഴ്‌സ തകർത്തിരുന്നു. ലയണൽ മെസ്സി ഫോം വീണ്ടെടുത്തതിന്റെ ആശ്വാസത്തിലാണ് ആരാധകർ.

മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടിൽ കൂട്ടീഞ്ഞോയിലൂടെയാണ് ബാഴ്സ അക്കൗണ്ട് തുറന്നത്. ട്രിൻകാവോയുടെ പാസിന് കാൽവെക്കേണ്ട പണിയെ കൂട്ടീഞ്ഞോക്ക് ഉണ്ടായിരുന്നൊള്ളൂ. ആദ്യ സൗഹൃദമത്സരത്തിലും കൂട്ടീഞ്ഞോ ഗോൾ നേടിയിരുന്നു. 45-ആം മിനുട്ടിൽ മെസ്സിയുടെ ആദ്യ ഗോൾ വന്നു. കൂട്ടീഞ്ഞോയുടെ പാസ് സ്വീകരിച്ച മെസ്സി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത തകർപ്പൻ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ ജിറോണ മടക്കി. എന്നാൽ 51-ആം മിനുട്ടിൽ മെസ്സി തന്റെ രണ്ടാം ഗോൾ കണ്ടെത്തി. സെർജി റോബർട്ടോയുടെ പാസിൽ നിന്നാണ് മെസ്സിയുടെ രണ്ടാം ഗോൾ വന്നത്. ഇനി ഒരു പ്രീ സീസൺ മത്സരം കൂടിയാണ് ബാഴ്‌സക്ക് അവശേഷിക്കുന്നത്. ജോൺ ഗാംബർ ട്രോഫിയിൽ എൽചെയാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *