ഇരട്ടഗോളുകളുമായി ബെൻസിമ, തകർപ്പൻ ജയത്തോടെ റയൽ തുടങ്ങി!
സൂപ്പർ താരം കരിം ബെൻസിമ തന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചപ്പോൾ കരുത്തരായ റയലിന് അനായാസ വിജയം. ലാലിഗയിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ അലാവസിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ കരിം ബെൻസിമയാണ് റയൽ നിരയിൽ തിളങ്ങിയത്.നാച്ചോ ഫെർണാണ്ടസ്, വിനീഷ്യസ് ജൂനിയർ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.ഈഡൻ ഹസാർഡ്,ഡേവിഡ് അലാബ, ലുക്കാ മോഡ്രിച്ച് എന്നിവരാണ് അസിസ്റ്റുകൾ സ്വന്തമാക്കിയത്.ജയത്തോടെ റയൽ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കി.
Real Madrid’s second Ancelotti era starts off with a win 💪⚪️ pic.twitter.com/oKTQA7QzAZ
— 433 (@433) August 14, 2021
ഹസാർഡ്-ബെൻസിമ-ബെയ്ൽ എന്നീ ത്രയത്തെയാണ് റയൽ പരിശീലകൻ ആഞ്ചലോട്ടി മുന്നേറ്റനിരയിൽ അണിനിരത്തിയത്. എന്നാൽ ആദ്യപകുതിയിൽ ഗോൾ നേടാൻ റയലിന് സാധിക്കാതെ പോവുകയായിരുന്നു.എന്നാൽ 48-ആം മിനുട്ടിൽ ഹസാർഡിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ ആദ്യ ഗോൾ കണ്ടെത്തി.തുടർന്ന് 56-ആം മിനുട്ടിൽ നാച്ചോയുടെ ഗോൾ വന്നു. മോഡ്രിച്ച് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് നാച്ചോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു.62-ആം മിനുട്ടിലാണ് ബെൻസിമയുടെ മൂന്നാം ഗോൾ പിറക്കുന്നത്. എന്നാൽ 64-ആം മിനുട്ടിൽ അലാവസ് താരത്തെ കോർട്ടുവ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജോസെലു ലക്ഷ്യത്തിൽ എത്തിച്ചതോടെ മത്സരം 3-1 എന്ന സ്കോറിലായി.പിന്നീടാണ് വിനീഷ്യസിന്റെ ഗോൾ പിറന്നത്. ഡേവിഡ് അലാബയുടെ ക്രോസിൽ നിന്നാണ് വിനീഷ്യസ് 92-ആം മിനുട്ടിൽ വല കുലുക്കിയത്. ഇതോടെ റയലിന്റെ ഗോൾ പട്ടിക പൂർണ്ണമായി.