ഇപ്പോഴും രാജാവ് തന്നെ:ഗ്രീസ്മാന് പ്രശംസ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ RB ലീപ്സിഗിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തിളങ്ങിയത് ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാനാണ്. ആദ്യത്തെ ഗോൾ നേടിയ താരം രണ്ടാമത്തെ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.ഈ സീസണിൽ ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
മൂന്ന് ഗോളുകളും 3 അസിസ്റ്റുകളും നേടി കൊണ്ട് 6 ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ ഇതിനോടകം തന്നെ താരം വഹിച്ചു കഴിഞ്ഞിട്ടുണ്ട്.ഹൂലിയൻ ആൽവരസ് വന്നതുകൊണ്ട് അദ്ദേഹത്തിന്റെ റോളിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും ടീമിലെ രാജാവ് ഗ്രീസ്മാൻ തന്നെയാണ് എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക എഴുതിയിട്ടുള്ളത്.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഇപ്പോഴും രാജാവ് ഗ്രീസ്മാൻ തന്നെയാണ്.ആൽവരസ് ഭാവിയിലെ സ്റ്റാറാണ്. പക്ഷേ ടീമിലെ ഇപ്പോൾ സ്റ്റാർ ഗ്രീസ്മാൻ തന്നെയാണ്.ഹൂലിയന് അഡാപ്റ്റാവാൻ സഹായം ആവശ്യമാണ്.ആ സഹായം ചെയ്തു കൊടുക്കുന്നതും ഗ്രീസ്മാൻ തന്നെയാണ്. ടീമിനകത്ത് ഏറ്റവും പ്രധാനപ്പെട്ട താരവും എതിരാളികൾക്ക് ഏറ്റവും ഭീഷണി ഉയർത്തുന്ന താരവും ഗ്രീസ്മാൻ തന്നെയാണ്. ഇന്നലത്തെ മത്സരത്തിൽ അത് നമുക്ക് വളരെ വ്യക്തമാണ് ” ഇതാണ് മാർക്ക എഴുതിയിട്ടുള്ളത്.
ഇടക്കാലത്ത് എഫ്സി ബാഴ്സലോണയിലേക്ക് പോകാൻ ഗ്രീസ്മാന് സാധിച്ചിരുന്നു. പക്ഷേ അവിടെ തിളങ്ങാത്തത് കൊണ്ട് അദ്ദേഹം അത്ലറ്റിക്കോയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു.മടങ്ങിവരവിലും ഗംഭീര പ്രകടനം തുടരാൻ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു. ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി 137 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.