ഇപ്പോഴും ബാഴ്‌സയുടെ വരുമാനസ്രോതസ്സായി മെസ്സി!
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടിരുന്നത്. സാമ്പത്തികപ്രശ്നങ്ങൾ കാരണമായിരുന്നു മെസ്സിക്ക് ബാഴ്‌സ വിടേണ്ടി വന്നത്. തുടർന്ന് മെസ്സി പിഎസ്ജിയിലേക്കെത്തുകയായിരുന്നു. പിഎസ്ജിക്ക് വേണ്ടി ആദ്യ സീസണിന്റെ പകുതിയോളം ഇപ്പോൾ മെസ്സി പിന്നിട്ട് കഴിഞ്ഞു.
പക്ഷേ മെസ്സിയിപ്പോഴും ബാഴ്‌സക്ക് വലിയൊരു ആശ്വാസമാണ്. എന്തെന്നാൽ ഈ സാമ്പത്തികപ്രതിസന്ധി സമയത്തും മെസ്സി വഴി ബാഴ്‌സക്ക് വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്.പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റൊരു ക്ലബ്ബിന്റെ താരമായ മെസ്സിയിപ്പോഴും ബാഴ്‌സയുടെ വരുമാന സ്രോതസ്സുകളിൽ ഒന്നാണ്.
മെസ്സിയുമായി ബന്ധപ്പെട്ട സാധനങ്ങൾ ഇപ്പോഴും എഫ്സി ബാഴ്സലോണ തങ്ങളുടെ ഷോപ്പുകളിൽ വിൽക്കുന്നുണ്ട് എന്നാണ് എഎസ് കണ്ടെത്തിയിരിക്കുന്നത്.മെസ്സി സൈൻ ചെയ്ത ക്യാപ്റ്റന്റെ ആം ബാൻഡ് ഇപ്പോഴും വിൽക്കപ്പെടുന്നുണ്ട്.643 യൂറോയാണ് ഇതിന്റെ വിലയായി ഈടാക്കുന്നത്.
Report: Lionel Messi Continues to Generate Income for Barcelona https://t.co/hfciwzhsoY
— PSG Talk (@PSGTalk) December 26, 2021
കൂടാതെ മെസ്സി സൈൻ ചെയ്ത 2020/21 സീസണിലെ ജേഴ്‌സി ഇപ്പോഴും വിൽക്കപ്പെടുന്നുണ്ട്.1170 യൂറോയാണ് ഇതിന്റെ വില.2013/14 സീസണിലെ ജേഴ്സിയും ഇപ്പോൾ ബാഴ്‌സ വിൽക്കുന്നുണ്ട്. മെസ്സിക്ക് പുറമേ സാവിയും ഇനിയേസ്റ്റയും ഈ ജേഴ്‌സിയിൽ ഒപ്പുവച്ചിട്ടുണ്ട്.2950 യൂറോയാണ് ഇതിന്റെ വിലയായി ബാഴ്‌സ ഈടാക്കുന്നത്. കൂടാതെ മെസ്സിയുടെ ചിത്രങ്ങൾ ഇപ്പോഴും ബാഴ്‌സ സ്റ്റോർ ഉപയോഗിക്കുന്നുമുണ്ട്.
ഈ രൂപത്തിലാണ് മെസ്സി വഴി ഇപ്പോഴും ബാഴ്‌സക്ക് വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നത്. മെസ്സി ബാഴ്സ വിട്ടത് സാമ്പത്തികപരമായും അല്ലാതെയും വലിയ രൂപത്തിലുള്ള തിരിച്ചടികളാണ് ക്ലബ്ബിന് ഏൽപ്പിച്ചത്.