ഇന്ററിന്റെ കാര്യത്തിൽ ട്വിസ്റ്റ്? ഡിബാലക്കായി റയൽ മാഡ്രിഡ് രംഗത്ത്!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു.ഫ്രീ ഏജന്റായി കൊണ്ടാണ് താരം ക്ലബ് വിടുന്നത്. മാത്രമല്ല മറ്റൊരു ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനുമായി ഡിബാല കരാറിൽ എത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഡിബാലയുടെ കാര്യത്തിൽ ഇപ്പോഴും ഇന്റർ പൂർണ്ണമായും കരാറിൽ എത്തിയിട്ടില്ല. ചില തടസ്സങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതായത് സൂപ്പർതാരം ലുക്കാക്കുവിനെ തിരികെ എത്തിക്കാൻ ഇന്ററിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ സാലറി ബിൽ ഇപ്പോൾ ഉയർന്നിട്ടുണ്ട്. മാത്രമല്ല മറ്റു സൂപ്പർ താരങ്ങളായ അലക്സിസ് സാഞ്ചസ്,എഡിൻ സെക്കോ എന്നിവരെ ഒഴിവാക്കിയാൽ മാത്രമേ ഡിബാലയെ കൊണ്ട് വരാൻ കഴിയുകയുള്ളൂ എന്നൊരു അവസ്ഥയിലാണ് നിലവിൽ ഇന്ററുള്ളത്.മാത്രമല്ല സാലറിയുടെ കാര്യത്തിൽ അപ്പോഴും സംശയങ്ങൾ ബാക്കി നിന്നേക്കും.

അതുകൊണ്ടുതന്നെ ഡിബാലയുടെ ഏജന്റ് ഇപ്പോൾ മറ്റുള്ള ഓഫറുകൾ കേട്ടു തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.അതായത് പൗലോ ഡിബാലയെ ടീമിലേക്ക് എത്തിക്കാൻ വമ്പന്മാരായ റയൽ മാഡ്രിഡിന് താല്പര്യമുണ്ട്.റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് താല്പര്യമുള്ള ഒരു താരം കൂടിയാണ് ഡിബാല.റയലിന്റെ സ്പാനിഷ് സൂപ്പർ താരമായ മാർക്കോ അസെൻസിയോ ക്ലബ് വിടുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.അസെൻസിയോ ക്ലബ് വിട്ടാൽ ആ സ്ഥാനത്തേക്കായിരിക്കും ഡിബാലയെ റയൽ മാഡ്രിഡ് പരിഗണിക്കുക.

ഏതായാലും ഇന്റർ മിലാന്റെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.ലുക്കാക്കുവിന്റെ വരവ് ഒരുപക്ഷേ പദ്ധതികളിൽ മാറ്റം വരുത്തിയേക്കാം. അതുകൊണ്ടുതന്നെ മറ്റു ക്ലബ്ബുകൾ ഡിബാലക്ക് വേണ്ടി ഇനി സജീവമായേക്കാം.ടോട്ടൻഹാം,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരൊക്കെ നേരത്തെ തന്നെ ഡിബാലയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.ഏതായാലും അർജന്റൈൻ സൂപ്പർ താരത്തിന്റെ ഭാവി എവിടെയാവുമെന്നുള്ളത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *