ഇനി റയലിന് ആഞ്ചലോട്ടി തന്ത്രങ്ങളോതും!

റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി കാർലോ ആഞ്ചലോട്ടി നിയമിതനായി. ഇന്നലെ റയൽ മാഡ്രിഡ്‌ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാജിവെച്ച സിദാന് പകരക്കാരനായാണ് ആഞ്ചലോട്ടി റയലിലേക്ക് തിരികെയെത്തുന്നത്. ഇതിനും ഇദ്ദേഹം റയലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 2013 മുതൽ 2015 വരെ റയലിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. മൂന്ന് വർഷത്തെ കരാറിലാണ് ഇദ്ദേഹം ഒപ്പ് വെച്ചിരിക്കുന്നത്. ആഞ്ചലോട്ടിയുടെ ക്ലബായിരുന്ന എവെർട്ടൻ ഇദ്ദേഹത്തെ പോവാൻ അനുവദിക്കുകയായിരുന്നു.അല്ലെഗ്രി, കോന്റെ, പോച്ചെട്ടിനോ,റൗൾ, സാബി അലോൺസോ എന്നിവരുടെ പേരുകളൊക്കെ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നുവെങ്കിലും റയൽ ആഞ്ചലോട്ടിയെ നിയമിക്കുകയായിരുന്നു.

രണ്ട് വർഷം റയലിനെ പരിശീലിപ്പിച്ച ഇദ്ദേഹമാണ് റയലിന് പത്താം ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തത്. കൂടാതെ ഒരു കോപ്പ ഡെൽ റേ, ഒരു യുവേഫ സൂപ്പർ കപ്പ്, ഒരു ക്ലബ് വേൾഡ് കപ്പ് എന്നിവ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാൽ പിന്നീട് ഇദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു.2014 സെപ്റ്റംബർ മുതൽ 2015 ജനുവരി വരെയുള്ള കാലയളവിൽ തുടർച്ചയായി 22 വിജയങ്ങൾ കരസ്ഥമാക്കി കൊണ്ട് റയൽ അത്ഭുതകുതിപ്പ് നടത്തിയിരുന്നു.എന്നാൽ പിന്നീട് പരിക്കുകൾ റയലിനെ തളർത്തുകയായിരുന്നു. ഏതായാലും വലിയൊരു വെല്ലുവിളി തന്നെയാണ് ആഞ്ചലോട്ടിക്ക് മുന്നിലുള്ളത്. ഈ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാത്ത റയലിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുക എന്നതാണ് വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *