ഇനി മുതൽ മെസ്സി എതിരാളി, തുറന്ന് പറഞ്ഞ് ലാപോർട്ട!
സൂപ്പർ താരം ലയണൽ മെസ്സിക്ക് ബാഴ്സ വിടേണ്ടതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ആരോപണങ്ങളും വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അത്കൊണ്ട് തന്നെ കഴിഞ്ഞ ദിവസം എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റ് ആയ ജോയൻ ലപോർട്ട ഇത് സംബന്ധിച്ച ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ബാഴ്സയുടെ സാമ്പത്തികപ്രതിസന്ധികളും മെസ്സി ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറാനുണ്ടായ സാഹചര്യങ്ങളുമൊക്കെയാണ് ഇദ്ദേഹം വിശദീകരിച്ചത്. മെസ്സിയെ ഇനി മുതൽ എതിരാളിയെ പോലെ കൈകാര്യം ചെയ്യേണ്ടി വരുമെന്നും മെസ്സിയെ ക്യാമ്പ് നൗവിൽ കൂവി വിളിച്ചിട്ടില്ല എന്നുമാണ് ലപോർട്ട അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
The president discussed the Argentine's exit and the contract talks.https://t.co/RbiGIuq4mc
— MARCA in English (@MARCAinENGLISH) August 16, 2021
” കഴിഞ്ഞ ഒരുപാട് വർഷമാണ് മെസ്സിയുമായി നല്ല ബന്ധത്തിലായിരുന്നു എഫ്സി ബാഴ്സലോണ ഉണ്ടായിരുന്നത്. എന്നാൽ ഇതിന്റെ അവസാനം ബന്ധം വഷളാവുകയായിരുന്നു.അദ്ദേഹത്തിന്റെ അവതരണം വിചിത്രമായി തോന്നി.എല്ലാ ബാഴ്സലോണ ആരാധകരും ആഗ്രഹിക്കുന്ന പോലെ ഞാനും അദ്ദേഹം ബാഴ്സയിൽ തുടരാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ഞങ്ങൾ ശരിയായ തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത്. എന്തെന്നാൽ ബാഴ്സയാണ് എല്ലാത്തിനേക്കാളും മുകളിൽ. ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം അവിടെ സന്തോഷവാനായിട്ടാണ് എനിക്ക് തോന്നിയത്. മെസ്സി അത് അർഹിക്കുന്നു.ഇനിമുതൽ ഒരുപക്ഷെ ഞങ്ങൾ എതിരാളികളാണ്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ ഞങ്ങൾ എതിരാളികളെ പോലെ കൈകാര്യം ചെയ്യേണ്ടിവരും. കരാറിന്റെ കാര്യത്തിൽ എല്ലാം നല്ല രൂപത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്. ലാലിഗ ഞങ്ങൾക്ക് പ്രതീക്ഷകളും നൽകിയിരുന്നു.കരാർ പുതുക്കാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കാൻ മെസ്സി തയ്യാറായിരുന്നു. എന്നാൽ സാമ്പത്തികപരമായ കാരണങ്ങൾ ഞങ്ങൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ സംഭവിച്ചത്. രണ്ടുകൂട്ടർക്കും വ്യത്യസ്തമായ ഒരു അവസാനമാണ് ലഭിച്ചത്. ഞങ്ങൾ തുടക്കത്തിൽ പറഞ്ഞു വെച്ചത് പോലെയല്ല കാര്യങ്ങൾ അവസാനിച്ചത്. ഫുട്ബോളിൽ സാധാരണയായി ഇത്രയും നീണ്ട കാലം നിലനിൽക്കാത്ത ഒരു മനോഹരമായ കഥക്ക് അവിടെ അന്ത്യമായി.അദ്ദേഹത്തിന്റെ നല്ല കാര്യങ്ങളെ കുറിച്ച് ഓർമ്മിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.മെസ്സി പാരീസിൽ സന്തോഷമായിരിക്കുന്നതിൽ ഞങ്ങളും സന്തുഷ്ടരാണ്.ക്യാമ്പ് നൗവിൽ വെച്ച് മെസ്സിയെ ആരും തന്നെ കൂവി വിളിച്ചിട്ടില്ല.അവിടെ സംഭവിച്ചത് എന്തെന്ന് വെച്ചാൽ ആരാധകർ ബാഴ്സലോണയെ ഡിഫൻഡ് ചെയ്യുകയായിരുന്നു.ടീമിന് ആവിശ്യമായ ഐക്യത്തെ കുറിച്ച് അവർക്കറിയാം.മെസ്സിയും ബാഴ്സയും ആഗ്രഹിച്ച പോലെയല്ല കാര്യങ്ങൾ അവസാനിച്ചത്. അത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്.എല്ലാവരും ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ അവസാനിക്കാത്തതിൽ ഇപ്പോൾ ദയനീയതയാണ് അനുഭവപ്പെടുന്നത് ” ഇതാണ് ലപോർട്ട പറഞ്ഞത്. ഏതായാലും മെസ്സി ബാഴ്സലോണ വിട്ടതിൽ ബോർഡിനെതിരെയും ലപോർട്ടക്കെതിരെ ഇപ്പോഴും വിമർശനങ്ങൾ ഉയരുന്നുണ്ട്.