ഇനി അങ്ങനെ സംഭവിച്ചാൽ മത്സരത്തിൽ നിന്നും ഇറങ്ങിപ്പോവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്: തുറന്ന് പറഞ്ഞ് വിനി!
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് സമീപ വർഷങ്ങളിൽ വലിയ രൂപത്തിലുള്ള വംശീയാധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. സ്പെയിനിലെ ആരാധകരാണ് പലപ്പോഴും അദ്ദേഹത്തെ വംശീയമായി അധിക്ഷേപിച്ചിരുന്നത്.വലൻസിയ ആരാധകരിൽ നിന്നും വംശീയാധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നതിനെതിരെ വിനീഷ്യസ് ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായിക്കൊണ്ട് കുറ്റക്കാരായ വലൻസിയ ആരാധകർക്ക് സ്പാനിഷ് കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
വിനിയുടെ നിരന്തരമായ പോരാട്ടം ഏറെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ലാലിഗയിലെ വംശീയ അധിക്ഷേപങ്ങളിൽ ഇപ്പോൾ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. അക്കാര്യത്തിൽ താൻ ഹാപ്പിയാണ് എന്നത് വിനി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇനിയെങ്ങാനും റേസിസം നേരിടേണ്ടി വന്നാൽ മത്സരത്തിൽ നിന്നും ഇറങ്ങി പോവാൻ താനുൾപ്പെടുന്ന റയിൽ താരങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും വിനീഷ്യസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇപ്പോഴും ചില ആരാധകർ റേസിസ്റ്റുകളാണ്. പക്ഷേ ഫുട്ബോളിൽ അത് പ്രകടിപ്പിക്കാൻ അവർക്ക് പേടിയാണ്. കാരണം ഒരുപാട് ക്യാമറകൾക്ക് മുന്നിലാണല്ലോ അവർ ഇരിക്കുന്നത്.റേസിസം പൂർണ്ണമായും ഇല്ലാതാക്കാനാവില്ല. പക്ഷേ പതിയെ പതിയെ അത് കുറഞ്ഞു വരുന്നുണ്ട്. സ്പെയിനിന്റെ മൈൻഡ് സെറ്റ് മാറ്റാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ഞങ്ങൾ ക്ലബ്ബിനകത്ത് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇനി അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ കളത്തിൽ നിന്നും ഇറങ്ങി പോവാൻ ഞങ്ങളെല്ലാവരും തീരുമാനിച്ചിട്ടുണ്ട്.കാരണം അപ്പോഴാണ് അവർക്ക് വലിയ ശിക്ഷ ലഭിക്കുക ” ഇതാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഗംഭീരപ്രകടനം പുറത്തെടുക്കാൻ താരമാണ് വിനീഷ്യസ് ജൂനിയർ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സാധ്യത കൽപ്പിക്കപ്പെടുന്നതും താരത്തിന് തന്നെയാണ്.ഈ സീസണിൽ മൂന്ന് മത്സരങ്ങളാണ് വിനി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് രണ്ട് ഗോളുകൾ അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്.