ഇത് നാണക്കേട് : ക്യാമ്പ് നൗ വിഷയത്തിൽ പ്രതികരിച്ച് സാവിയും ലാപോർട്ടയും!

ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണയ്ക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാങ്ക്ഫർട്ട് ബാഴ്സയെ ക്യാമ്പ് നൗവിൽ വെച്ച് പരാജയപ്പെടുത്തിയത്.ഇതോടെ ബാഴ്സ യൂറോപ്പ ലീഗിൽ നിന്ന് പുറത്താവുകയും ഫ്രാങ്ക്ഫർട്ട് സെമിയിൽ പ്രവേശിക്കുകയും ചെയ്തു.

മത്സരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും ബാഴ്സ ആരാധകരായിരുന്നു സ്വന്തമാക്കിയത്.എന്നാൽ സ്റ്റേഡിയത്തിൽ 30000-ലധികം ഫ്രാങ്ക്ഫർട്ട് ആരാധകർ തടിച്ചു കൂടുകയായിരുന്നു.ബാഴ്സ ആരാധകർ തന്നെ ടിക്കറ്റ് മറിച്ചുവിറ്റു എന്ന ആരോപണം വളരെ ശക്തമാണ്.ഏതായാലും ഈ വിഷയത്തിൽ ബാഴ്സയുടെ പരിശീലകനും പ്രസിഡന്റും തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.സാവി പറഞ്ഞത് ഇങ്ങനെയാണ്.

” 70000 അല്ലെങ്കിൽ 80000 ബാഴ്സ ആരാധകരെ ഞാൻ ക്യാമ്പ് നൗവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. എന്താണ് സംഭവിച്ചതെന്ന് ക്ലബ് പരിശോധിക്കും.ഈ അന്തരീക്ഷം ക്ലബ്ബിനെ സഹായിച്ചില്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റായ കണക്കുകൂട്ടലുകൾ ഉണ്ടായിട്ടുണ്ട് ” ഇതാണ് സാവി പറഞ്ഞത്.

അതേസമയം നാണക്കേട് എന്നാണ് ലാപോർട്ട ഇതേക്കുറിച്ച് പ്രതികരിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നത് നാണക്കേടാണ്. ഇത് ഇനി വീണ്ടും സംഭവിക്കാൻ പാടില്ല. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഒരുപാട് വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഒരു ബാഴ്സ ആരാധകൻ എന്ന നിലയിൽ എനിക്ക് നാണക്കേട് തോന്നുന്നു. സംഭവിച്ച കാര്യത്തിൽ ഞാൻ ക്ഷമ ചോദിക്കുകയും ചെയ്യുന്നു ” ഇതാണ് ലാപോർട്ട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *