ഇതൊന്നും പോരാ,ഇനിയും വേണം :ഒൽമോ പറയുന്നു
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 3 ഗോളുകൾക്ക് അവർ എസ്പനോളിനെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പർ താരം ഡാനി ഒൽമോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ശേഷിച്ച ഗോൾ റാഫിഞ്ഞയുടെ വകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് ബാഴ്സ വിജയം ഉറപ്പിച്ചിരുന്നു.
രണ്ട് ഗോളുകൾ നേടിയെങ്കിലും ഒൽമോ പൂർണ്ണമായും സംതൃപ്തി കൈവരിച്ചിട്ടില്ല.ഇനിയും കൂടുതൽ ഗോളുകൾ നേടണം എന്നാണ് അദ്ദേഹം മത്സരശേഷം പറഞ്ഞിട്ടുള്ളത്.ടീമിന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.ഒൽമോയുടെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഞാനിപ്പോൾ നല്ല നിലയിലാണ്.വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്താനും ടീമിനെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ തിരിച്ചെത്താൻ സാധിച്ചിരിക്കുന്നു.ഞാനിത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.പക്ഷേ ഇതൊന്നും പോരാ.ഇതിനേക്കാൾ കൂടുതൽ എനിക്ക് വേണം.ഒരുപാട് ഗോളുകൾ നേടാൻ കഴിയുന്ന ടീമാണ് ഞങ്ങൾ. മുന്നേറ്റ നിരക്കാർക്കും മധ്യനിരക്കാർക്കും ഒരുപോലെ അറ്റാക്കിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്നു. ഞങ്ങൾ ഡയറക്ട് ഫുട്ബോൾ ആണ് കളിക്കുന്നത്.ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നു ” ഇതാണ് ഡാനി ഒൽമോ പറഞ്ഞിട്ടുള്ളത്.
കുറച്ച് കാലം പരിക്കു കാരണം ഈ താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.അതിനുശേഷം ലഭിച്ച ആദ്യത്തെ സ്റ്റാർട്ടിൽ തന്നെ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയായിരുന്നു.ഈ ലീഗിൽ ഇതിനോടകം തന്നെ 40 ഗോളുകൾ പൂർത്തിയാക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്. 14 ഗോളുകൾ നേടിയ ലെവന്റോസ്ക്കിയാണ് ഒന്നാമത്.റാഫിഞ്ഞ 7 ഗോളുകളും യമാലും ഒൽമോയും 5 വീതം ഗോളുകളും ലാലിഗയിൽ പൂർത്തിയാക്കിയിട്ടുണ്ട്.