ഇതൊക്കെ ഞങ്ങൾ പണ്ടേ വിട്ടതാ : ബാഴ്സയെ ട്രോളി ഫ്രാങ്ക്ഫർട്ട്
ഇന്നലെ കോപ ഡെൽ റേയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ അവരുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കരിം ബെൻസിമയും വിനീഷ്യസ് ജൂനിയറുമാണ് റയലിനു വേണ്ടി തിളങ്ങിയത്. ഇതോടെ ബാഴ്സ കോപ ഡെൽ റേയിൽ നിന്ന് പുറത്താവുകയും ചെയ്തു.
എഫ്സി ബാഴ്സലോണക്ക് അവരുടെ സ്വന്തം മൈതാനത്ത് വെച്ചാണ് ഈ ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന്റെ ഫലം ആയിക്കൊണ്ട് അവർക്ക് പുറത്താവേണ്ടി വരികയും ചെയ്തിരുന്നു. ഇതിന് സമാനമായ സംഭവം കഴിഞ്ഞ യൂറോപ്പ ലീഗ് സീസണിൽ നടന്നിരുന്നു. യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപാദത്തിൽ ജർമ്മൻ ക്ലബ്ബായ ഫ്രാങ്ക്‌ഫർട്ടിന്റെ മൈതാനത്ത് വെച്ച് ഇരു ടീമുകളും 1-1 സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പാദ മത്സരം ക്യാമ്പ് നൗവിൽ വെച്ചായിരുന്നു നടന്നിരുന്നത്.
Esta fiesta de blanco ya la vimos… ⚪️🥳💪#SGE pic.twitter.com/J16nsS7BGu
— Eintracht Frankfurt (@eintracht_esp) April 5, 2023
ആ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എഫ്സി ബാഴ്സലോണ പരാജയപ്പെടുകയായിരുന്നു.ഇതോടെ യൂറോപ്പ ലീഗിൽ നിന്ന് അവർ പുറത്താവുകയും ചെയ്തു. ആ പുറത്താവൽ ഇപ്പോൾ ഒരിക്കൽ കൂടി ഫ്രാങ്ക്‌ഫർട്ട് ബാഴ്സയെ ഓർമ്മിപ്പിച്ചിട്ടുണ്ട്.റയൽ മാഡ്രിഡിനോട് അവർ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാങ്ക്‌ഫർട്ട് പങ്കുവെച്ച ട്വീറ്റ് ഇങ്ങനെയായിരുന്നു.
“വെള്ള ജേഴ്‌സിയിൽ ഈ പാർട്ടി ഞങ്ങൾ നേരത്തെ കണ്ടതാണ് “ഇതായിരുന്നു അവർ കുറിച്ചിരുന്നത്. അതായത് ഇതൊക്കെ ഞങ്ങൾ പണ്ടേ വിട്ടതാ എന്ന ടോണിലുള്ള ഒരു ട്രോൾ ആണ് ഇപ്പോൾ ഫ്രാങ്ക്‌ഫർട്ട് നടത്തിയിട്ടുള്ളത്.ഏതായാലും ഈ വലിയ തോൽവി ബാഴ്‌സിയെ സംബന്ധിച്ചിടത്തോളം ആശങ്ക സൃഷ്ടിക്കുന്ന ഒന്നു തന്നെയാണ്.