ഇതിഹാസമാണ് ഇനിയേസ്റ്റ

ഡാഡ്, ഞാൻ ബാഴ്സലോണയിലേക്ക് പോകാൻ തയ്യാറാണ്". മകൻ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ഹോസെ അന്റോണിയോ ഇനിയേസ്റ്റ അവന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിൻറെ പന്ത്രണ്ട് വയസുള്ള മകന് ബാഴ്സലോണ ഫുട്ബോൾ ക്ലബിന്റെ പ്രസിദ്ധമായ ലാ മാസിയ അക്കാദമിയിൽ ചേരാൻ അവസരം കൈവന്നിരിക്കുകയാണ്. എന്നാൽ കുടുംബത്തെ പിരിഞ്ഞു നിൽക്കാൻ കഴിയാത്തതിനാൽ പോകാൻ അവൻ തയ്യാറായിരുന്നില്ല. രണ്ട് ദിവസം മുമ്പ് വരെ കൈവന്ന അവസരത്തിന്റെ മഹത്വം അവനെ ബോധ്യപ്പെടുത്താൻ അദ്ദേഹം ആവത് ശ്രമിച്ചതുമാണ്. പക്ഷേ അച്ഛനെയും അമ്മയേയും പിരിഞ്ഞിരിക്കാൻ അവന് സമ്മതമല്ലായിരുന്നു. മകന്റെ പെട്ടെന്നുള്ള മനം മാറ്റത്തിന്റെ കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞു '' അച്ഛന്റെ വലിയ ആഗ്രഹമല്ലേ അത്, ഞാൻ പോകാം". ആ പന്ത്രണ്ട് വയസ്സുകാരന്റെ വാക്കുകളിൽ അച്ഛനോടുള്ള സ്നേഹം നിറഞ്ഞുനിന്നിരുന്നു. ഇരുപത്തിരണ്ട് വർഷങ്ങൾക്കിപ്പുറം ക്യാമ്പ്നൗവിൽ ഒരു എൽ ക്ലാസിക്കോ മത്സരം കഴിഞ്ഞിരിക്കുന്നു. വീറും വാശിയും നിറഞ്ഞുനിന്ന പോരാട്ടത്തിനുശേഷം റയൽമാഡ്രിഡിന്റെ പരിശീലകൻ ബാഴ്സലോണയുടെ ലോക്കർ റൂമിന് മുന്നിൽ കാത്തുനിന്നു. തന്റെ അവസാന എൽക്ലാസിക്കോ മത്സരം കളിച്ച അവരുടെ ക്യാപ്റ്റനെ ഒന്നുകാണാൻ, സ്നേഹാശ്ലേഷത്തോടെ വിടപറയാൻ! കളിക്കളത്തിൽ നടന്ന തീപാറുന്ന പോരാട്ടവും ഇരു ക്ലബ്ബുകളുടെയും വൈരത്തിന്റെ നീണ്ട ചരിത്രവുമൊന്നും ആന്ദ്രെ ഇനിയെസ്റ്റ എന്ന വർത്തമാനകാല ഫുട്ബോൾ ജീനിയസിനെ ആദരിക്കുന്നതിൽ നിന്നും സിനദിൻ സിദാനെ പിന്തിരിപ്പിച്ചില്ല. കുടുംബത്തെ പിരിഞ്ഞു നിൽക്കാൻ മടിച്ച ആ പന്ത്രണ്ടുകാരൻ പയ്യനിന്ന് ഫുട്ബോൾ ലോകം ഏറെ ബഹുമാനിക്കുന്ന ആന്ദ്രെ ഇനിയേസ്റ്റ എന്ന 'ഡോൺ ആൻഡ്രസ്' ആയി വളർന്നിരിക്കുന്നു! എതിരാളികൾ പോലും അവനെ ബഹുമാനിക്കുന്നു. 'ഗ്രൗണ്ടിൽ സംഭവിച്ചത് മാറ്റിവയ്ക്കാം. ഇത് ഇനിയേസ്റ്റയുടെ എൽ ക്ലാസിക്കോയാണ്, നിന്നെ മറക്കില്ല കൂട്ടുകാരാ'. റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് മത്സരശേഷം ട്വിറ്ററിൽ കുറിച്ചു.

ശാന്തശീലനും സൗമ്യ സ്വഭാവക്കാരനുമായ ഇനിയെസ്റ്റ ഗ്രൗണ്ടിലിറങ്ങിയാൽ കളിയുടെ കടിഞ്ഞാൺ ഏറ്റെടുക്കും. അലറി വിളിക്കലോ ബഹളങ്ങളോ ഇല്ലാതെ നിശബ്ദനായി കളി മെനയും. ബുദ്ധി കൊണ്ട് മത്സരം അനുകൂലമാക്കി മാറ്റും. വർത്തമാനകാല ഫുട്ബോളിൽ ഇതിഹാസമെന്ന് ഉറപ്പിച്ച് വിളിക്കാവുന്ന താരമാണദ്ദേഹം. ലോകകപ്പ്, യൂറോപ്പ് കപ്പ്, ചാമ്പ്യൻസ് ലീഗ്, ലാലിഗ തുടങ്ങി ഫുട്ബാളിലെ വിലപിടിപ്പുള്ള കിരീടങ്ങളെല്ലാം നിറം ചാർത്തിയ ആ ജൈത്രയാത്രയുടെ തുടക്കം സ്പാനിഷ് പ്രവിശ്യ ആൽബസെറ്റയിൽ നിന്നായിരുന്നു. വൈനുകൾക്കും മുന്തിരിത്തോട്ടങ്ങൾക്കും പേരുകേട്ട ഫുവന്റെബിയ ഗ്രാമത്തിൽ സമ്പന്ന കുടുംബത്തിലായിരുന്നു ആന്ദ്രെ ഇനിയെസ്റ്റയുടെ ജനനം. അച്ഛൻ ഹൊസെ അന്തോണിയോ ഇനിയെസ്റ്റ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. സമ്പന്നതയുടെ നടുവിൽ വളർന്ന ഇനിയസ്റ്റ കുട്ടിക്കാലത്ത് തന്നെ ഫുട്ബോളിനോട് കൂട്ടുകൂടി. മകൻ വലിയ ഫുട്ബോളറാകുന്നത് അച്ഛനും സ്വപ്നം കണ്ടു. പത്താം വയസ്സിൽ ആൽബസെറ്റ ബലോംബി ക്ലബ്ബിലൂടെ അവന്റെ ഫുട്ബോൾ ജീവിതമാരംഭിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം ബാഴ്സലോണ ക്ലബ്ബിന്റെ കോച്ച് ഹെൻറിക്വേ ഒറിസോളയുടെ ശ്രദ്ധയിൽപ്പെട്ട കുട്ടിത്താരത്തിന് പ്രസിദ്ധമായ ലാ മാസിയ അക്കാദമിയിൽ ചേരാൻ അവസരം കൈവന്നു. ആദ്യമൊന്നും അക്കാദമിയിലേക്ക് പോകാൻ അവന് താൽപര്യമുണ്ടായിരുന്നില്ല. ലാ മാസിയയിലെ ആദ്യനാളുകളിൽ നാണം കുണുങ്ങിയായ ആ പയ്യൻ ഏറെ ബുദ്ധിമുട്ടി. പലപ്പോഴും വീട്ടിലെ ഓർമകളുമായി അവൻ ഒറ്റക്കിരുന്ന് കരഞ്ഞു. 1996ൽ ബാഴ്സലോണയുടെ അക്കാഡമിയിൽ എത്തിയ താരം 2002ലാണ് സീനിയർ ടീമിൽ ഇടംപിടിക്കുന്നത്. തുടർന്നുള്ള നീണ്ട പതിനാറ് വർഷക്കാലം അദ്ദേഹം ടീമിന്റെ നട്ടെല്ലായി പ്രവർത്തിച്ചു. ഇനിയേസ്റ്റ ക്ലബ്ബിലെത്തിയ കാലത്ത് ബാഴ്സയുടെ താരമായിരുന്ന പെപ് ഗാർഡിയോള ചാവി ഹെർണാണ്ടസിനോട് പറഞ്ഞു, 'ഞാൻ വിരമിക്കുന്നത് നീ കാരണമായിരിക്കും. എന്നാൽ ഈ പയ്യൻ കാരണം നമ്മളെല്ലാം വിരമിക്കേണ്ടി വരും'! പക്ഷേ ആരുടെയും വഴി മുടക്കാതെ തന്നെ അഞ്ഞൂറിൽ പരം മത്സരങ്ങളിൽ ബാഴ്സലോണയുടെ ജഴ്സിയണിഞ്ഞ ഇനിയെസ്റ്റ ഇതിഹാസമായി മാറുകയായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ ബാഴ്സയുടെ വിജയങ്ങളിൽ ഇനിയേസ്റ്റയുടെ നിശബ്ദ സാന്നിധ്യമുണ്ടായിരുന്നു. ചാവിയുമായി ചേർന്ന് അദ്ദേഹം ടീമിൻറെ മധ്യനിരയെ ചടുലമാക്കി. ടിക്കി- ടാക്ക ലോകം അടക്കി ഭരിച്ച കാലത്ത് ബാഴ്സലോണ ക്ലബ്ബിലും സ്പാനിഷ് ദേശീയ ടീമിലും ഇരുവരും ചേർന്ന് ഒരുപാട് വിജയങ്ങൾ കൊയ്തെടുത്തു. കാർലോസ് പുയോളും ചാവിയും വിരമിച്ചതോടെ 2014-15 സീസൺ മുതൽ ഇനിയെസ്റ്റ ബാഴ്സലോണയുടെ നായകനായി. സഹതാരങ്ങളെ മോട്ടിവേറ്റ് ചെയ്ത് വിജയങ്ങളിലേക്ക് നയിക്കുന്ന ക്യാപ്റ്റനെയാണ് ഇനിയേസ്റ്റയിൽ കണ്ടത്. പതിനൊന്ന് കിരീടങ്ങളാണ് അദ്ദേഹത്തിൻറെ നായകത്വത്തിൽ ബാർസലോണ സ്വന്തമാക്കിയത്. കണ്ണീരോടെയാണ് ഈ സീസണിനൊടുവിൽ ടീം വിടുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. മുപ്പത്തിമൂന്നാം വയസ്സിൽ പഴയ ചുറുചുറുക്കോടെ കളിക്കളത്തിൽ തുടരാനാവില്ല എന്ന തിരിച്ചറിവാകണം ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ.

'ബാഴ്സലോണയിൽ കളി അവസാനിപ്പിക്കണമെന്നാണ് ഞാൻ കരുതിയത്. എന്നാൽ എനിക്കിപ്പോഴും ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹമുണ്ട്' എന്നു പറഞ്ഞ അദ്ദേഹം, ഒരിക്കലും ബാഴ്സലോണക്കെതിരെ ബൂട്ട് കെട്ടില്ല എന്നും കൂട്ടിച്ചേർത്തു. ഒരർത്ഥത്തിൽ ബാർസലോണയിൽ ഒരു യുഗം അവസാനിക്കുകയാണ്. നാല് ചാമ്പ്യൻസ് ലീഗും എട്ട് ലാലീഗ കിരീടങ്ങളും ഫിഫ ക്ലബ്ബ് വേൾഡ് കപ്പുമടക്കം 32 കിരീടങ്ങൾ ക്ലബ്ബിനൊപ്പം നേടിയ താരമാണ് വിടപറയുന്നത്. സ്പാനിഷ് ദേശീയ ടീമിലും ഇനിയെസ്റ്റ മികച്ച പ്രകടനം പുറത്തെടുത്തു. 2006ലാണ് അദ്ദേഹം ആദ്യമായി സ്പാനിഷ് ജഴ്സി അണിയുന്നത്. 2010ലെ ലോകകപ്പ് വിജയത്തിൽ താരം വഹിച്ച പങ്ക് വളരെ വലുതാണ്. ഫൈനൽ മത്സരത്തിൽ ഹോളണ്ടിനെതിരെ സ്പെയിൻ നേടിയ ഏക ഗോൾ പിറന്നത് അദ്ദേഹത്തിൻറെ ബൂട്ടിൽനിന്നായിരുന്നു. കലാശപ്പോരാട്ടത്തിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആ വർഷത്തെ ഫിഫ വേൾഡ് കപ്പ് ഡ്രീം ടീമിലും ഇടംപിടിച്ചു. 2008 ലും 2012 ലും സ്പെയിൻ യൂറോപ്പ് വിജയിച്ചപ്പോഴും മിഡ്ഫീൽഡിൽ ടീമിൻറെ ബുദ്ധികേന്ദ്രമായി ഇനിയെസ്റ്റയുണ്ടായിരുന്നു. 2012ലെ യൂറോ കപ്പിന്റെ ഫൈനലിൽ ഇറ്റലിക്കെതിരെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരം വലിയ മത്സരങ്ങളിൽ തിളങ്ങാനുള്ള തന്റെ മിടുക്ക് ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തിന് കാണിച്ചു തന്നു. സ്പാനിഷ് ജഴ്സിയിൽ ഇതുവരെ 125 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ താരത്തിന് വരുന്ന റഷ്യൻ ലോക്കപ്പിൽ കിരീട നേട്ടത്തോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയാനാണ് ആഗ്രഹം. കളിക്കളത്തിന് പുറത്ത് അച്ഛനെപ്പോലെ ബിസിനസുകാരനാണ് ഇനിയെസ്റ്റ. 'ബോഡേഗ ഇനിയെസ്റ്റ' എന്നപേരിൽ കുടുംബത്തോടൊപ്പം വൈൻ ബിസിനസ് നടത്തുന്നു. നേരത്തെ തന്നെയുള്ള സംരംഭം താരം പ്രശസ്തനായതോടെ വൻ വിജയമായി മാറുകയായിരുന്നു. 180 ഹെക്ടറിലധികം വരുന്ന വൈൻ യാർഡുകൾ സ്വന്തമായുള്ള കമ്പനിയാണിത്. ഫുട്ബോൾ കഴിഞ്ഞാൽ താരം ഏറ്റവുമധികം സമയം കണ്ടെത്തുന്നതും ഈ വ്യവസായ സംരംഭത്തിന് വേണ്ടിത്തന്നെ. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ഭാര്യ അന്ന ഒറിറ്റ്സിനും മകൾ വലേരിയക്കുമൊപ്പം സ്വസ്ഥമായി കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. മറ്റ് കാറ്റലൻ, സ്പാനിഷ് താരങ്ങളെപ്പോലെ രാഷ്ട്രീയ ഇടപെടലുകൾക്ക് നിൽക്കാറില്ല എന്നതും സ്പെയിനിലുടനീളം താരത്തിന് വലിയ ജനസമ്മിതി നൽകുന്നു. 'ഇനിയെസ്റ്റ എന്താണ് ചെയ്യുന്നതെന്ന് അവനറിയില്ല, കളി നിർത്തുന്ന കാലത്ത് മാത്രമേ അവന്റ പ്രവർത്തികളുടെ മഹത്വം അവന് തിരിച്ചറിയാനാവൂ'. ഒരിക്കൽ ചാവി ഹെർണാണ്ടസ് തന്റെ പ്രിയ കൂട്ടുകാരനെ കുറിച്ച് പറഞ്ഞത് ശരിയായിരുന്നു. ഇന്ന് ബാഴ്സലോണ വിടുമ്പോൾ ഫുട്ബോൾ ലോകം മുഴുവൻ നൽകുന്ന സ്നേഹാദരങ്ങൾ ആ മനസ്സ് നിറക്കുന്നുണ്ടാവണം. 'ഞാൻ ഒരിക്കലും ഒരു ഹീറോ അല്ല. എന്നെ ആരാധകർ ഇഷ്ടപ്പെടുന്നു, സപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒരു ഹീറോ എന്ന് വിളിക്കണമെങ്കിൽ ജീവിതത്തിൽ പ്രതിബന്ധങ്ങളോട് മല്ലിട്ടവനാവേണ്ടേ? ഒരു വലിയ രോഗത്തോട് പൊരുതുന്നവൻ, അതല്ലെങ്കിൽ മക്കളെ പോറ്റാനായി കഷ്ടപ്പാട് സഹിക്കുന്നവൻ... ഞാൻ ഫുട്ബാൾ കളിയിലൂടെ ആളുകളെ സന്തോഷിപ്പിക്കാൻ ഭാഗ്യം ലഭിച്ചവനാണ്'. ഇനിയേസ്റ്റയുടെ വാക്കുകളിൽ എല്ലാമുണ്ട്. കളി മികവിനൊപ്പം ഈ എളിമയും സൗമ്യതയുമാണ് ലോകത്തിന്റെ ആദരം പിടിച്ച് പറ്റിയത്. അതെ, ആധുനിക ഫുട്ബാളിലെ ഇതിഹാസമാണ് ഇനിയേസ്റ്റ.

എഴുതിയത് : മുഹമ്മദ്‌ റഫീഖ് കൊടിയേങ്ങൽ

Leave a Reply

Your email address will not be published. Required fields are marked *