ഇതാണ് യഥാർത്ഥ ബാഴ്സ! അലാവസിനെ തച്ചുതകർത്ത് മെസ്സിയും കൂട്ടരും
ഒടുവിൽ ആരാധകർക്ക് ആശ്വാസമേകി കൊണ്ട് ബാഴ്സലോണയുടെ തകർപ്പൻ പ്രകടനം. ലാലിഗയിൽ ഇന്ന് നടന്ന അവസാനറൗണ്ട് പോരാട്ടത്തിൽ ഡീപോർട്ടീവോ അലാവസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് ബാഴ്സ ലീഗ് അവസാനിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഒസാസുനയോട് തോറ്റു കിരീടം അടിയറവ് വെച്ചതിന്റെ അരിശം അലാവസിനോട് തീർക്കുകയായിരുന്നു ബാഴ്സ. ഇരട്ടഗോളുകൾ നേടിയ മെസ്സി തന്നെയാണ് ബാഴ്സയെ മുന്നിൽ നിന്ന് നയിച്ചത്. അൻസു ഫാറ്റി, ലൂയിസ് സുവാരസ്, നെൽസൺ സെമെടോ എന്നിവർ ശേഷിച്ച ഗോൾ നേടി. ഇരട്ടഅസിസ്റ്റുകൾ നേടിയ റിക്കി പ്യുഗും ജോർദി ആൽബയും തിളങ്ങി നിന്നു. ജയത്തോടെ 82 പോയിന്റുമായി ബാഴ്സ ലീഗ് അവസാനിപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ നാപോളിയെ നേരിടാനൊരുങ്ങുന്ന ബാഴ്‌സ ആശ്വാസമാണ് ഈ തകർപ്പൻ ജയം.
മെസ്സി-സുവാരസ്-ഫാറ്റി എന്നിവരെ അണിനിരത്തിയാണ്
ബാഴ്സ ആദ്യഇലവൻ പുറത്തു വിട്ടത്. മത്സരത്തിന്റെ 24-ആം മിനുട്ടിൽ ആദ്യഗോൾ വന്നു. മെസ്സിയുടെ വഴിയൊരുക്കലിൽ നിന്ന് ഫാറ്റിയാണ് ഗോൾ നേടിയത്. പത്ത് മിനിട്ടുകൾക്ക് ശേഷം മെസ്സിയുടെ ആദ്യഗോൾ പിറന്നു. പ്യുഗിന്റെ പാസ്സ് സ്വീകരിച്ച മെസ്സി ഒരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. വീണ്ടും പത്ത് മിനുട്ടുകൾക്ക് ശേഷം സുവാരസ് ഗോൾ കണ്ടെത്തി. മെസ്സി നൽകിയ പന്ത് ആൽബ ഉടനടി സുവാരസിന് മറിച്ചു നൽകുകയും ഒരു ഹെഡറിലൂടെ താരം വലയിലാക്കുകയും ചെയ്യുകയായിരുന്നു. ആദ്യപകുതി പിന്നിട്ടപ്പോൾ തന്നെ മൂന്നെണ്ണം അടിച്ച് ബാഴ്സ ജയമുറപ്പിച്ചിരുന്നു. 58-ആം മിനിറ്റിൽ പ്യുഗിന്റെ പാസിൽ നിന്ന് പകരക്കാരനായി വന്ന സെമെടോ ഗോൾ കണ്ടെത്തി ലീഡ് നാലാക്കി. 75-ആം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ഗോളും കണ്ടെത്തി പിച്ചിച്ചി ഉറപ്പിക്കുകയായിരുന്നു. ജോർഡി ആൽബയായിരുന്നു ഗോളിന് വഴിവെച്ചത്.