ഇങ്ങോട്ട് വരാൻ പ്രചോദനമായത് ആരാധകരും താരങ്ങളും, അത്‌ലെറ്റിക്കോ മാഡ്രിഡിൽ എത്തിയ ശേഷം സുവാരസ് പറയുന്നു.

തനിക്ക് ഇങ്ങോട്ട് വരാൻ പ്രചോദനമായത് ഇവിടുത്തെ ആരാധകരും താരങ്ങളുമെന്ന് ലൂയിസ് സുവാരസ്. അത്‌ലെറ്റിക്കോ മാഡ്രിഡിൽ എത്തിയ ശേഷം തന്റെ അവതരണവേളയിൽ സംസാരിക്കുകയായിരുന്നു താരം. ഒരു മഹത്തായ സ്പാനിഷ് ടീമാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ എന്നും എപ്പോഴും മുന്നോട്ട് കുതിക്കാൻ വേണ്ടി പോരാടുന്ന ഒരുപിടി മികച്ച കളിക്കാർ ക്ലബ്ബിൽ ഉണ്ടെന്നും സുവാരസ് അറിയിച്ചു. ആറു മില്യൺ യുറോക്ക് രണ്ട് വർഷത്തെ കരാറിലാണ് സുവാരസ് അത്‌ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത്. ബദ്ധവൈരികളായ ബാഴ്സലോണയിൽ നിന്നും ആറു വർഷത്തെ സേവനത്തിന് ശേഷമാണ് താരം അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. മുൻ താരം അന്റോയിൻ ഗ്രീസമാനുമായി ഇവിടെ ചേരുന്ന കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം തന്നെ പിന്തുണച്ചുവെന്നും സുവാരസ് വെളിപ്പെടുത്തി.

” എന്നെ ഇവിടേക്ക് വരാൻ പ്രചോദിപ്പിച്ചത് ഇവിടുത്തെ താരങ്ങളും ആരാധകരുമാണ്. അത്‌ലെറ്റിക്കോ മാഡ്രിഡ്‌ മഹത്തായ ഒരു സ്പാനിഷ് ടീമാണ്. ഒരുപാട് മഹത്തായ കളിക്കാർ ഇവിടെയുണ്ട്. എപ്പോഴും ഉന്നതങ്ങളിൽ എത്താൻ വേണ്ടി പോരാടുന്ന താരങ്ങളാണ് അത്‌ലെറ്റിക്കോ മാഡ്രിഡിനുള്ളത്.ഇവിടുത്തെ ആരാധകർ ഈ ടീമിനെ ഒരുപാട് ഉത്തേചിപ്പിക്കുന്നുണ്ട്. ഞാൻ ഇവിടെ എത്താനുള്ള കാരണങ്ങളിൽ ഒന്ന് അതാണ്. പുറത്തു നിന്നുള്ള പ്രചോദനങ്ങൾ ടീമിനെ കൂടുതൽ ശക്തരാക്കുമെന്ന് വ്യക്തമായ കാര്യമാണ്. ഞാൻ ഇവിടുത്തെ പരിശീലകനോടും സ്റ്റാഫിനോടും സംസാരിച്ചിരുന്നു. വളരെയധികം ഉത്സാഹത്തോടെയും തീവ്രതയോടെയുമാണ് അവർ എന്നോട് സംസാരിച്ചത് ” സുവാരസ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *