ആ ചതി ചെയ്തത് താനല്ല, ആരോപണങ്ങൾ നിഷേധിച്ച് ബർതോമ്യു!

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ വിവരങ്ങൾ പുറത്തായത്. വളരെ രഹസ്യമായിരിക്കേണ്ട രേഖകളാണ് സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ പുറത്ത് വിട്ടത്. ഇതോടെ മെസ്സിയുടെ ഔദ്യോഗിക സാലറി പുറത്താവുകയായിരുന്നു. ലയണൽ മെസ്സി, എഫ്സി ബാഴ്സലോണ, ലാ ലിഗ, മെസ്സിയുടെ അഭിഭാഷകവിഭാഗം എന്നീ നാലു പേരുടെ കയ്യിൽ മാത്രമാണ് ഈ കരാറിന്റെ രേഖയുള്ളത്. ഇത് ആരുടെ പക്കലിൽ നിന്ന് ചോർന്നു എന്നുള്ളത് വ്യക്തമായിരുന്നില്ല. ഇതോടെ മുൻ ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യുവിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് നിഷേധിച്ചിരിക്കുകയാണ് അദ്ദേഹം.

ടിവിയിൽ ഇരുന്നു കൊണ്ട് ഒരാൾക്ക്‌ മേലേ കുറ്റം ചാർത്താൻ എളുപ്പമാണെന്നും പുറത്തായിരിക്കുന്നത് അതീവരഹസ്യമായ വിവരങ്ങളാണ് എന്നുമാണ് ബർതോമ്യു ഇതിനോട് പ്രതികരിച്ചത്. ” ഇത് വളരെയധികം ഗുരുതരമായ ഒരു പ്രശ്നമാണ്.ഒരു പ്രൊഫഷണൽ കോൺട്രാക്ട് ലീക്ക് ആവുക എന്നുള്ളത് തികച്ചും നിയമവിരുദ്ധമായ കാര്യമാണ്.ടിവിയിൽ ഇരുന്നു സംസാരിച്ചു കൊണ്ട് ഒരാൾക്ക്‌ മേലേ കുറ്റം ചാർത്താൻ എളുപ്പമാണ്.എന്നാൽ ഇത് തമാശയല്ല, ഇത് കോടതിയിലാണ് അവസാനിക്കുക ” ബർതോമ്യു എസ്‌പോർട് ത്രീയോട് പറഞ്ഞു. അതേസമയം മെസ്സിയുടെ സാലറിയെ കുറിച്ചും ഇദ്ദേഹം പറഞ്ഞു. ” മെസ്സി എന്താണോ സമ്പാദിക്കുന്നത് അത് അദ്ദേഹം അർഹിക്കുന്നതാണ്.അതിന് പ്രൊഫഷണലായും കൊമേഴ്ഷ്യലായും കാരണങ്ങളുണ്ട്.ഈ കോവിഡ് പ്രശ്നം ഇല്ലായിരുന്നുവെങ്കിൽ, ബാഴ്‌സക്ക്‌ ഈസിയായി അത് നൽകാൻ കഴിയുന്ന ഒന്നാണ് ” ബർതോമ്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *