ആർതർ യുവന്റസിലെത്തി, മെഡിക്കൽ ഉടനെ

അങ്ങനെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായി. ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ആർതറിനെ ബാഴ്സ കയ്യൊഴിഞ്ഞു. ഇന്നലെ നടന്ന സെൽറ്റ വിഗോക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു ആർതർ യുവന്റസിലേക്ക് തിരിച്ചത്. ഇന്നലെ ബാഴ്സക്ക് വേണ്ടി ആദ്യഇലവനിൽ സ്ഥാനം നേടാൻ ആയിട്ടില്ലെങ്കിലും പകരക്കാരന്റെ വേഷത്തിൽ ആർതർ കളിച്ചിരുന്നു. മത്സരശേഷം താരം യുവന്റസിലെത്തിയതിന്റെ തെളിവുകൾ കറ്റാലൻ മാധ്യമമായ സ്പോർട്ട് പുറത്തു വിട്ടു. താരം ടുറിനിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇവർ പുറത്തു വിട്ടത്. താരത്തിന്റെ മെഡിക്കൽ പരിശോധന ഉടൻ ഉണ്ടാവും. തുടർന്ന് ബാഴ്സയും യുവന്റസും തമ്മിൽ ഔദ്യോഗികസ്ഥിരീകരണം നടത്തുകയും ചെയ്യും. അതേ സമയം മിറാലെം പ്യാനിക്ക് ബാഴ്സലോണയിലേക്ക് യാത്ര തിരിച്ചിട്ടില്ല. ഇറ്റലിയിലെ യാത്രസംബന്ധമായ പ്രശ്നങ്ങളാണ് വൈകാൻ കാരണം. താരം ഇറ്റലിയിൽ തന്നെ മെഡിക്കൽ പൂർത്തിയാക്കി പിന്നീട് യാത്ര തിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

തന്റെ വക്കീലായ വിസെന്റെ ഫോറസ്, പിതാവായ എയ്ൽട്ടൺ, സഹോദരനായ പൌലോ ഹെൻറിക്വ എന്നിവരോടൊപ്പമാണ് താരം ട്യൂറിനിൽ എത്തിയത്. കൂടാതെ ആർതറിന്റെ സുഹൃത്തും മുൻ ബാഴ്‌സ സ്പോർട്ടിങ് ഡയറക്ടറുമായിരുന്ന റോബർട്ട്‌ ഫെർണാണ്ടസും താരത്തിനൊപ്പം ട്യൂറിനിൽ എത്തിയിട്ടുണ്ട്. അഞ്ച് വർഷത്തെ കരാർ ആയിരിക്കും ആർതർ ഒപ്പ് വെക്കുക എന്നാണ് അറിയാൻ കഴിയുന്നത്. ഓരോ സീസണിനും ഏഴ് മില്യൺ യൂറോസ് വാഗ്ദാനം ചെയ്താണ് യുവന്റസ് ആർതറിനെ അനുനയിപ്പിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും താരത്തെ വിട്ടു കൊടുത്തതിൽ ക്ലബിന് അകത്തും പുറത്തും അതൃപ്തി പുകയുന്നുണ്ട്. ബാഴ്സ ചെയ്യുന്ന മണ്ടത്തരമാണ് ഇതെന്ന് എന്നാണ് പല ഫുട്ബോൾ പണ്ഡിതരും അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *