ആശങ്ക പരത്തി സിദാൻ്റെ വാക്കുകൾ, ഒടുവിൽ വിനീഷ്യസ് റെഡി

വിനീഷ്യസ് ജൂനിയറുടെ കോവിഡ് ടെസ്റ്റ് പ്രശ്നത്തിലാണെന്ന് ഇന്നലെ പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ പറഞ്ഞത് ഫുട്ബോൾ ലോകത്ത് ആശങ്ക പരത്തിയിരുന്നു. ഇന്ന് ലാ ലിഗയിൽ റയൽ മാഡ്രിഡ് അലാവസിനെ നേരിടാനിരിക്കെ കഴിഞ്ഞ ദിവസം വിനീഷ്യസ് പരിശീലനം നടത്തിയിരുന്നില്ല. എന്നാലിപ്പോൾ എല്ലാ ആശങ്കകൾക്കും വിരാമമായി അലാവസിനെ നേരിടാനുള്ള റയൽ സ്ക്വോഡിൽ വിനീഷ്യസ് ഇടം പിടിച്ചു.

പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ മത്സരത്തിന് മുന്നോടിയായി താരങ്ങൾക്ക് നടത്താറുള്ള കോവിഡ് ടെസ്റ്റുകളിൽ വിനീഷ്യസിൻ്റെ ടെസ്റ്റ് പ്രശ്നമായി എന്നാണാണ് സിദാൻ പറഞ്ഞത്. കൂടുതൽ വിശദീകരണം ആരാഞ്ഞപ്പോൾ അത് ടെസ്റ്റിംഗ് എറർ ആകാമെന്നും ഒരു ടെസ്റ്റ് കൂടി നടത്തി ഫലം കാത്തിരിക്കുകയാണെന്നും സിദാൻ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ താരത്തിന് പരിശീലനം നടത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വിനീഷ്യസിന് രണ്ടാമത് നടത്തിയ ടെസ്റ്റിൻ്റെ ഫലം നെഗറ്റീവായി. തുടർന്ന് റയൽ മാഡ്രിഡ് സ്ക്വോഡ് പ്രഖ്യാപിച്ചപ്പോൾ വിനീഷ്യസ് അതിൽ ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ ലീഗ് ടേബിളിൽ ഒന്നാമതുള്ള റയലിന് ഇന്നത്തെ മത്സരം വിജയിക്കാനായാൽ ബാഴ്സയുമായുള്ള പോയിൻ്റ് വ്യത്യാസം നാലാക്കി ഉയർത്താൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *