ആശങ്കകൾക്കിടയിലും മെസ്സിക്ക് വിശ്രമം നൽകില്ല, കാരണം വിശദീകരിച്ച് കൂമാൻ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നുണ്ട്.റയൽ വല്ലഡോലിഡാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കുകയാണെങ്കിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ ബാഴ്സക്ക് സാധിക്കും. എന്നാൽ ബാഴ്സയെ ആശങ്കയിലാഴ്ത്തുന്ന കാര്യം മറ്റൊന്നാണ്. എന്തെന്നാൽ ഈ മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും ഫ്രങ്കി ഡിയോങിനും യെല്ലോ കാർഡ് ലഭിച്ചാൽ അടുത്ത ലാലിഗ മത്സരമായ എൽ ക്ലാസ്സിക്കോയിൽ ഇവർ പുറത്തിരിക്കേണ്ടി വരും. ഇതൊഴിവാക്കാൻ വേണ്ടി ഇരുവർക്കും ഇന്നത്തെ മത്സരത്തിൽ കൂമാൻ വിശ്രമം അനുവദിച്ചേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവർക്കും വിശ്രമം അനുവദിക്കില്ലെന്നും അതിന് പറ്റിയ സമയമല്ല ഇതെന്നുമാണ് കൂമാൻ ഇക്കാര്യത്തിൽ വ്യക്തമാക്കിയത്.

” ഒരു കാർഡ് കൂടി ലഭിച്ചാൽ ഇരുവർക്കും അടുത്ത മത്സരം നഷ്ടമാവുമെന്ന് ഞങ്ങൾക്കറിയാം.പക്ഷെ കാർഡിന്റെ പേരിലോ അതല്ലെങ്കിൽ ഫ്രഷ്നസിന്റെ പേരിലോ താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ പറ്റിയ സമയമല്ലിത്.ഞങ്ങൾക്ക് ഇനിയും പത്ത് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.അത്കൊണ്ട് തന്നെ എപ്പോഴും റിസ്ക് ആണ്.എന്നിരുന്നാലും മികച്ച താരങ്ങൾ ടീമിൽ ഉണ്ടായാൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിയും.അവരുടെ ടീമിൽ ഇഞ്ചുറികൾ ഉണ്ട് എന്ന കാരണത്താൽ ഈ മത്സരം എളുപ്പമായിരിക്കുമെന്ന് കരുതാൻ കഴിയില്ല.ഒരുപാട് എനർജിയോടെയും റിഥത്തോടെയും ഞങ്ങൾ മുന്നോട്ട് പോവേണ്ടതുണ്ട്.ഞങ്ങളുടെ ലെവലിലേക്ക് ഞങ്ങൾ തിരികെ പോവേണ്ടതുണ്ട്. ഒരുപക്ഷെ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു മത്സരമായി ഇത്‌ മാറാം. പക്ഷെ വിജയിക്കാൻ വേണ്ടി എപ്പോഴും കഠിനാധ്വാനം ചെയ്തേ മതിയാവൂ ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *