ആറു മത്സരങ്ങളിൽ ഓപ്പൺ പ്ലേയിൽ ഗോളടിക്കാതെ മെസ്സി, താരത്തിന്റെ മോശം ഫോം കൂമാന് തിരിച്ചടിയാവുന്നു !

മിക്ക മത്സരങ്ങളിലും ഒന്നോ രണ്ടോ ഗോളുകൾ നേടുന്ന ലയണൽ മെസ്സിയേ മാത്രമേ മുമ്പ് ആരാധകർക്ക് പരിചയമുണ്ടായിരുന്നുള്ളൂ. അപൂർവം ഘട്ടങ്ങളിൽ മാത്രമായിരുന്നു മെസ്സി ഗോളടി ക്ഷാമം നേരിട്ടിരുന്നത്. എന്നാൽ അതിന് ശേഷം മെസ്സി ശക്തമായി തന്നെ തിരിച്ചു വരികയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ സീസണിൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം അത്ര തിളങ്ങാനാവാതെ പോയ സീസണാണ്. എന്നിരുന്നാലും മെസ്സി ഗോളുകളും അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിരുന്നു. പിന്നീട് ഏറെ വിവാദങ്ങൾക്ക് ശേഷം മെസ്സി ഈ സീസണിലും ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിച്ചു. എന്നാൽ കൂമാന് കീഴിൽ മെസ്സിക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് യാഥാർഥ്യം. പലപ്പോഴും ഗോളടിക്കാൻ ബുദ്ദിമുട്ടുന്ന മെസ്സിയെയാണ് കാണാനാവുന്നത്. താരത്തിന്റെ ഫോമില്ലായ്മ ബാഴ്‌സക്കും കൂമാനും തിരിച്ചടിയായിരിക്കുകയാണിപ്പോൾ.

അവസാനമായി ബാഴ്‌സ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്‌സക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിലും മെസ്സി കളിക്കുകയും ചെയ്തിട്ടുണ്ട്. സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ 1-1 ന് സമനില വഴങ്ങുകയായിരുന്നു ബാഴ്‌സ. പിന്നീട് നടന്ന മത്സരത്തിൽ ഗെറ്റാഫെയോട് 1-0 തോറ്റ ബാഴ്‌സ പിന്നീട് റയലിനോട് 3-1 ന് തോൽക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെ 5-1 ന് തോൽപ്പിച്ചുവെങ്കിലും അതൊന്നും ആശ്വസിക്കാൻ വക നൽകുന്ന ഒന്നായിരുന്നില്ല. ഈ സീസണിൽ ആകെ ആറു മത്സരങ്ങളാണ് ബാഴ്‌സ കളിച്ചത്. ഇതിൽ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും മാത്രമാണ് മെസ്സിക്ക് നേടാനായത്. ഈ രണ്ട് ഗോളും പെനാൽറ്റിയിൽ നിന്നായിരുന്നു. ലീഗിൽ വിയ്യാറയലിനെതിരെയും ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വേറൊസിനെതിരെയുമായിരുന്നു ഇത്. അതായത് ആറു മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും ഓപ്പൺ പ്ലേയിൽ മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടില്ല. മെസ്സി എന്ന താരത്തിന്റെ ഫോമില്ലായ്മ തന്നെയാണ് ബാഴ്സയെയും ബാധിക്കുന്നത്. ഏതായാലും ഇനി യുവന്റസിനെയാണ് ബാഴ്‌സക്ക് നേരിടാനുള്ളത്. ബാഴ്‌സക്ക് മുന്നോട്ട് കുതിക്കണം എന്നുണ്ടെങ്കിൽ മെസ്സി ഫോം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *