ആരേയും ഭയപ്പെടുത്തുന്നത്, എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ബാഴ്സയുടെ താരസമ്പന്നമായ സ്‌ക്വാഡ്!
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം അത്ര നല്ല ഓർമ്മകളല്ല ഉള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന ബാഴ്സക്ക് മെസ്സിയെ നഷ്ടപ്പെടുത്തേണ്ടി വന്നിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു ബാഴ്സ പുറത്തെടുത്തത്.യൂറോപ്പ ലീഗിൽ നിന്ന് വരെ ബാഴ്സ പുറത്താകുകയും ചെയ്തിരുന്നു.
എന്നാൽ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയും പരിശീലകനായ സാവിയും ടീമിനെ പുനർ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപിടി സൂപ്പർ താരങ്ങളെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. ഒരു ശക്തമായ സ്‌ക്വാഡ് തന്നെ നിലവിൽ ബാഴ്സക്കുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
മുന്നേറ്റ നിരയുടെ ശക്തിയാണ് ബാഴ്സ ഏറ്റവും കൂടുതൽ വർദ്ധിപ്പിച്ചിട്ടുള്ളത്.റോബർട്ട് ലെവന്റോസ്ക്കി,ഔബമയാങ്ങ് എന്നിവർക്കായിരിക്കും അടുത്ത സീസണിൽ ബാഴ്സയുടെ ഗോളടി ചുമതല. അത് മനോഹരമായി നടപ്പിലാക്കാൻ കഴിയുന്ന രണ്ടു താരങ്ങളാണ് ഇരുവരും.
അതുപോലെതന്നെ ഡെമ്പലെ,റഫീഞ്ഞ എന്നിവരുടെ വേഗതയായിരിക്കും വിങ്ങുകളിൽ എതിരാളികൾക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക.ഗോളുകൾക്ക് വഴിയൊരുക്കാൻ കെൽപ്പുള്ള താരങ്ങളാണ് ഇരുവരും.
കൂടാതെ ഫെറാൻ ടോറസ്,അൻസു ഫാറ്റി എന്നിവരെയും ബാഴ്സക്ക് ലഭ്യമാണ്.ഇരുവരുടെയും പ്രതിഭയുടെ കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ഇങ്ങനെ ശക്തമായ ഒരു മുന്നേറ്റ നിര തന്നെ ബാഴ്സക്കുണ്ട്.
— Murshid Ramankulam (@Mohamme71783726) July 18, 2022
പ്രതിരോധത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ക്രിസ്റ്റൻസണെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.ജൂലെസ് കൂണ്ടെയെ കൂടി ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നുണ്ട്.അരൗഹോ,പീക്കെ,ഗാർഷ്യ എന്നിവരെ ബാഴ്സക്ക് ലഭ്യമാണ്.ജോർദി ആൽബ,ഡെസ്റ്റ് എന്നിവർക്ക് കോമ്പറ്റീഷൻ നൽകാൻ ആസ്പിലിക്യൂട്ട,അലോൺസോ എന്നിവരെയും ബാഴ്സ ലക്ഷ്യം വെക്കുന്നുണ്ട്.
ഒരുപിടി യുവ സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് ബാഴ്സയുടെ മധ്യനിര.പെഡ്രി,ഗാവി,നിക്കോ,ഡി യോങ് എന്നിവരെ ബാഴ്സക്ക് ലഭ്യമാണ്.ബുസ്ക്കെറ്റ്സ്,കെസ്സി എന്നിവർ മധ്യനിരയുടെ ശക്തി വർദ്ധിപ്പിക്കും.ഡി യോങ്ങിനെ നഷ്ടമായാൽ ബെർണാഡോ സിൽവക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ നടത്തിയേക്കും
ചുരുക്കത്തിൽ മികച്ച ഒരു സ്‌ക്വാഡ് തന്നെ ബാഴ്സക്കുണ്ട്. ഇനി അതിനെ നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളതാണ് സാവിയുടെ ചുമതല.