ആഞ്ചലോട്ടി ഭയന്നത് തന്നെ സംഭവിച്ചു,റയലിന്റെ 3 താരങ്ങൾക്ക് പരിക്കേറ്റു!
ഒരല്പം ബുദ്ധിമുട്ടേറിയ തുടക്കമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ലാലിഗയിൽ ലഭിച്ചിട്ടുള്ളത്. ലീഗിൽ 2 സമനിലകൾ അവർ വഴങ്ങിയിരുന്നു. നാല് പോയിന്റുകളാണ് തുടക്കത്തിൽ തന്നെ റയൽ ഡ്രോപ്പ് ചെയ്തത്. അതിനേക്കാൾ കൂടുതൽ റയൽ മാഡ്രിഡിനെ അലട്ടുന്നത് പരിക്കുകളാണ്.പല സുപ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണ്.
ജൂഡ് ബെല്ലിങ്ങ്ഹാം,കമവിങ്ക,ജോൺ മാർട്ടിനസ്,ഡേവിഡ് അലാബ എന്നിവർ നേരത്തെ തന്നെ പരിക്കു മൂലം പുറത്തായിരുന്നു.ഈ ഇന്റർനാഷണൽ ബ്രേക്കിൽ താരങ്ങൾക്ക് പരിക്കേൽക്കുന്നതിനെയാണ് താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്നുള്ളത് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇന്റർനാഷണൽ ബ്രേക്ക് ഒരിക്കലും ഒരു നല്ല കാര്യമല്ല.കാരണം ഞങ്ങൾക്ക് താരങ്ങളെ നഷ്ടമാകും.ഇഞ്ചുറികൾ ഒന്നും ഉണ്ടാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.താരങ്ങളെ ഫിറ്റായി കൊണ്ട് എനിക്ക് തിരിച്ചു ലഭിക്കേണ്ടതുണ്ട് ” ഇതായിരുന്നു റയൽ മാഡ്രിഡ് പരിശീലകൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
എന്നാൽ ഇതിന് പിന്നാലെ കൂടുതൽ റയൽ താരങ്ങൾക്ക് പരിക്കേറ്റ വാർത്തകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. അതിൽ ഡാനി സെബയ്യോസിന്റെ പരിക്കാണ് ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. റയൽ മാഡ്രിഡ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. 6 ആഴ്ച മുതൽ 8 ആഴ്ചയോളം താരം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പിന്നാലെ രണ്ട് ഫ്രഞ്ച് താരങ്ങൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.ഫെർലാന്റ് മെന്റി,ചുവാമെനി എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. രണ്ടുപേർക്കും ഇന്റർനാഷണൽ ബ്രേക്ക് നഷ്ടമാകും.എന്നാൽ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾ ആരംഭിക്കുമ്പോഴേക്കും ഇവർ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇങ്ങനെ കഴിഞ്ഞ ദിവസം മൂന്ന് റയൽ താരങ്ങൾക്കാണ് പരിക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കുകൾ റയൽ മാഡ്രിഡിന് വില്ലനാവുന്ന ഒരു കാഴ്ചയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്.