ആഞ്ചലോട്ടി ആവിശ്യപ്പെട്ടു, ക്രിസ്റ്റ്യാനോ റയലിലേക്കോ?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നുണ്ട് എന്നുള്ള കാര്യം ഇറ്റാലിയൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ യുവന്റസിന് ഇതുവരെ ഒരു ഒഫീഷ്യൽ ബിഡ് ലഭിച്ചിട്ടില്ല എന്ന കാര്യം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതായാലും ഇതിന്റെ ബാക്കിപത്രമെന്നോണം പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റോ ടിവി ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്. അതായത് റയലിന്റെ പുതിയ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക്‌ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ എത്തിക്കാൻ താല്പര്യമുണ്ട് എന്നാണ് വാർത്ത.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത സുഹൃത്തും റിപ്പോർട്ടറുമായ എഡു അഗിറെയാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ എത്തിക്കണമെന്ന ആവിശ്യവുമായി കാർലോ ആഞ്ചലോട്ടി റയലിനെ സമീപിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.ടീമിനെ സഹായിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ ഇപ്പോഴും കഴിയുമെന്നാണ് ആഞ്ചലോട്ടി വിശ്വസിക്കുന്നത്. മാത്രമല്ല റൊണാൾഡോക്ക്‌ യുവന്റസ് വിട്ട് റയലിലേക്ക് തിരികെ വരാനും ആഗ്രഹമുണ്ട്.

എന്നാൽ ഈ വിഷയത്തിൽ റയലിന്റെ നിലപാട് എന്തെന്ന് വ്യക്തമല്ല.മുമ്പ് ക്രിസ്റ്റ്യാനോയെ റയലുമായി ബന്ധപ്പെടുത്തി വാർത്തകൾ പുറത്ത് വന്നപ്പോൾ പ്രസിഡന്റ്‌ ഫ്ലോറെന്റിനോ അക്കാര്യം നിരസിച്ചിരുന്നു. നിലവിൽ കിലിയൻ എംബപ്പേക്കാണ് റയൽ മുൻഗണന നൽകുന്നത്. ഏതായാലും ഈ വിഷയത്തിൽ പെരെസ് കൈകൊള്ളുന്ന തീരുമാനം നിർണായകമാവും. അതേസമയം ക്രിസ്റ്റ്യാനോക്ക്‌ വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇക്കാര്യം ഫാബ്രിസിയോ റൊമാനോ നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *