അർജന്റൈൻ താരത്തെ ടീമിലെത്തിക്കണം, അയാക്സിനെ സമീപിച്ച് ബാഴ്സ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ ഡച്ച് ക്ലബായ അയാക്സിൽ നിന്നും പ്രതിരോധനിര താരമായ സെർജിനോ ഡെസ്റ്റിനെ ബാഴ്സ ക്യാമ്പ് നൗവിൽ എത്തിച്ചത്. കൂമാന് കീഴിൽ താരം തരക്കേടില്ലാത്ത പ്രകടനമാണ് ഇപ്പോൾ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും മറ്റൊരു അയാക്സ് താരത്തെ കൂടി നോട്ടമിട്ടിരിക്കുകയാണ് ബാഴ്സ. അയാക്സിന്റെ അർജന്റൈൻ പ്രതിരോധനിര താരം ലിസാൻഡ്രോ മാർട്ടിനെസിനെയാണ് ബാഴ്സക്കിപ്പോൾ ആവിശ്യം. താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് ബാഴ്സ അയാക്സിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്യൂട്ടോമെർക്കാറ്റോ വെബിനെ ഉദ്ധരിച്ചു കൊണ്ടാണ് ഇവർ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
23-കാരനായ ലിസാൻഡ്രോ മാർട്ടിനെസ് അർജന്റീനക്ക് വേണ്ടി കളിച്ച താരമാണ്.2019-ൽ വെനിസ്വേലക്കെതിരെ നടന്ന മത്സരത്തിലാണ് ഇദ്ദേഹം അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.വരുന്ന കോപ്പ അമേരിക്ക, ഒളിമ്പിക്സ് എന്നിവക്കുള്ള അർജന്റൈൻ ടീമിൽ ഇടം നേടാൻ സാധ്യത കല്പിക്കപ്പെടുന്ന താരം കൂടിയാണ് ലിസാൻഡ്രോ.മാത്രമല്ല അയാക്സിൽ എത്തിയതിന് ശേഷം ടീമിലെ സ്ഥിരസാന്നിധ്യമാണ് താരം.സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെ വളർന്നു വന്ന താരമാണ്.ഏതായാലും താരത്തെ അന്വേഷിച്ചു കൊണ്ട് അയാക്സുമായി ബാഴ്സ ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.25 മില്യൺ യൂറോയോളം താരത്തിന് വേണ്ടി അയാക്സ് ആവിശ്യപ്പെട്ടേക്കുമെന്നും വാർത്തകൾ ഉണ്ട്. ബാഴ്സക്ക് പുറമേ ഇറ്റാലിയൻ വമ്പൻമാരായ റോമ, ലാസിയോ എന്നിവർക്കും താരത്തിൽ താല്പര്യമുണ്ട്.