അർജന്റൈൻ ഡിഫൻഡറെ സ്വന്തമാക്കാനുള്ള ഒരുക്കത്തിൽ ബാഴ്സ!
ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം രണ്ട് സൈനിങ്ങുകളാണ് സാവി ഇതുവരെ നടത്തിയിട്ടുള്ളത്.ഡാനി ആൽവെസിനെയും ഫെറാൻ ടോറസിനെയുമാണ് ബാഴ്സ സ്വന്തമാക്കിയത്. മറ്റു പല താരങ്ങളെയും ബാഴ്സ നോട്ടമിടുന്നുണ്ട് എന്നുള്ള റൂമറുകൾ സജീവമായിരുന്നു.
ഏതായാലും മറ്റൊരു റൂമർ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് അയാക്സിന്റെ അർജന്റൈൻ സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനെസാണ് ഇപ്പോൾ ബാഴ്‌സയുടെ ലക്ഷ്യം. കഴിഞ്ഞ സമ്മറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം അത് നടന്നിരുന്നില്ല. പക്ഷേ അടുത്ത സമ്മറിലെങ്കിലും താരത്തെ ടീമിൽ എത്തിക്കണമെന്നുള്ള ആഗ്രഹത്തിലാണ് നിലവിൽ ബാഴ്സയുള്ളത്. പ്രമുഖ സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) January 12, 2022
ഈയിടെ ലിസാൻഡ്രോ അയാക്സുമായി കരാർ പുതുക്കിയിരുന്നു. പക്ഷേ മികച്ച ഓഫർ വന്നാൽ ക്ലബ്ബ് വിടാനുള്ള അവസരം ഈ അർജന്റൈൻ താരത്തിനുണ്ട്. അത്കൊണ്ട് തന്നെ താരത്തെ സ്വന്തമാക്കാനാവുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ സാവിയുള്ളത്.
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് താരമിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവും കൂടുതൽ പാസുകൾ നൽകിയ അഞ്ച് താരങ്ങളുടെ പട്ടികയിൽ ലിസാൻഡ്രോക്ക് ഇടമുണ്ട്.കൂടാതെ ഏറ്റവും കൂടുതൽ ബോളുകൾ പിടിച്ചെടുത്ത സെന്റർ ബാക്കും ലിസാൻഡ്രോ തന്നെ. ഇതിനോടകം തന്നെ ആകെ 21 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കാൻ ഈ അയാക്സ് താരത്തിനായി. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി നാലു മത്സരങ്ങൾ കളിച്ച താരം കോപ്പ അമേരിക്ക കിരീട നേട്ടത്തിലും പങ്കാളിയായിട്ടുണ്ട്.