അർജന്റീനയിൽ ഇനി അഗ്വേറോയുടെ പേരിൽ അവാർഡും!

കഴിഞ്ഞ ഡിസംബർ പതിനഞ്ചാം തിയ്യതിയായിരുന്നു എഫ്സി ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്വേറോ ഫുട്‍ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് അഗ്യൂറോ ഫുട്ബോളിനോട് വിടചൊല്ലിയത്.ആരോഗ്യപ്രശ്നങ്ങൾ 33-ആം വയസ്സിൽ തന്നെ താരത്തെ വിരമിക്കാൻ നിർബന്ധിക്കുകയായിരുന്നു.

ഏതായാലും താരത്തിന്റെ പേരിലൊരു അവാർഡ് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ട്.കോപ്പ അർജന്റീനയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്കാരമാണ് ഇപ്പോൾ സെർജിയോ കുൻ അഗ്വേറോ അവാർഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് AFA യുടെ പ്രസിഡന്റായ ക്ലോഡിയോ ടാപ്പിയ ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. അഗ്വേറോയോടുള്ള ആദരസൂചകമായാണ് അവാർഡിന് താരത്തിന്റെ പേര് നൽകിയത്.

2006 മുതൽ ഇതുവരെ അർജന്റീനക്ക് വേണ്ടി കളിച്ച താരമാണ് അഗ്വേറോ.101 മത്സരങ്ങളിൽ നിന്ന് ആകെ 41 ഗോളുകളാണ് താരം അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്.2019 ഉറുഗ്വക്കെതിരെയാണ് അഗ്വേറോ അർജന്റീനക്ക് വേണ്ടി അവസാനമായി ഗോൾ നേടിയത്. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. ഈ വർഷത്തെ കോപ്പ അമേരിക്ക കിരീട നേട്ടത്തിൽ അർജന്റീനക്കൊപ്പം പങ്കാളിയാവാൻ അഗ്വേറോക്ക് സാധിച്ചിട്ടുണ്ട്.അഗ്വേറോയുടെ കരിയറിലെ അവസാന ഗോൾ, അത് ബാഴ്‌സക്ക് വേണ്ടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *