അവിടെ എത്താത്തതിന് എന്നോട് ക്ഷമിക്കണം: ബുസ്ക്കെറ്റ്സിന് വിടവാങ്ങൽ സന്ദേശവുമായി മെസ്സി.
എഫ്സി ബാഴ്സലോണയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബിനോട് വിട പറയുകയാണ്. ഈ സീസണിൽ ശേഷം എഫ്സി ബാഴ്സലോണയിൽ ഉണ്ടാവില്ല എന്നുള്ള കാര്യം ബുസ്ക്കെറ്റ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് ബുസ്ക്കെറ്റ്സ് ഒരു വിടവാങ്ങൽ ചടങ്ങ് ബാഴ്സ നൽകിയിരുന്നു. സഹതാരങ്ങളും മുൻ താരങ്ങളും ബാഴ്സ അധികൃതരുമൊക്കെ ഈ ചടങ്ങിൽ പങ്കാളികളായിരുന്നു.
സൂപ്പർതാരം ലയണൽ മെസ്സി നേരിട്ട് ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. പക്ഷേ ഒരു വീഡിയോയിലൂടെ അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഈ ചടങ്ങിൽ നേരിട്ട് എത്താത്തതിൽ ബുസ്ക്കെറ്റ്സിനോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ലയണൽ മെസ്സി വീഡിയോ ആരംഭിച്ചത്. പിന്നീട് ബുസ്ക്കെറ്റ്സിനും കുടുംബത്തിനും എല്ലാവിധ ആശംസകളും മെസ്സി നേർന്നിട്ടുണ്ട്. ആ വീഡിയോയിൽ മെസ്സി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
“അവിടെ എത്താൻ സാധിക്കാത്തതിൽ ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു. നിങ്ങളോടൊപ്പം ഒരുപാട് സീസണുകൾക്ക് ഒരുമിച്ച് ചിലവഴിക്കാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്.നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു ” ഇതാണ് ലയണൽ മെസ്സി ആ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
Leo Messi: "I'm very sorry for not being there on this special occasion for you and your family. I love you very much, Busi." pic.twitter.com/1PmRQ4ViAQ
— Barça Universal (@BarcaUniversal) May 31, 2023
മെസ്സിയും ബുസ്ക്കെറ്റ്സും ദീർഘകാലം എഫ്സി ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചവരാണ്. പിന്നീട് 2021 ലാണ് ലയണൽ മെസ്സിക്ക് ബാഴ്സ വിടേണ്ടിവന്നത്. എന്നാൽ ഈ സീസണിൽ മെസ്സി തിരിച്ചെത്തും എന്നുള്ള റൂമറുകൾ വളരെ സജീവമാണ്. അങ്ങനെ തിരിച്ചെത്തുകയാണെങ്കിൽ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഇല്ലാത്ത ഒരു ബാഴ്സയാണ് ലയണൽ മെസ്സിയെ കാത്തിരിക്കുന്നത്.