അരൗഹോയുടെ പോക്കറ്റ് കീറി വിനി,ബാഴ്സ ബെഞ്ചിനോട് 4-1 ന്റെ ആംഗ്യവും!

സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ നാണംകെട്ട തോൽവിയാണ് എഫ്സി ബാഴ്സലോണക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.റയൽ മാഡ്രിഡ് അവരെ തച്ചു തകർക്കുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കാണ് റയലിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ മറ്റൊരു ബ്രസീൽ സൂപ്പർ താരം റോഡ്രിഗോയുടെ വകയായിരുന്നു.

എടുത്ത് പറയേണ്ടത് വിനീഷ്യസിന്റെ പ്രകടനമാണ്. ബാഴ്സക്കെതിരെയുള്ള മത്സരങ്ങളിൽ പലപ്പോഴും വിനീഷ്യസ് വിവാദ പാത്രമാവാറുണ്ട്. മാത്രമല്ല മുൻപ് നടന്ന മത്സരങ്ങളിൽ വിനീഷ്യസിനെ തളക്കാൻ ബാഴ്സയുടെ പ്രതിരോധനിരതാരമായ റൊണാൾഡ് അരൗഹോക്ക് സാധിച്ചിരുന്നു. അതിന്റെ പേരിൽ പലപ്പോഴും പരിഹാസങ്ങൾ നേരിടേണ്ടി വന്ന താരമാണ് വിനി.അരൗഹോ വിനിയെ പോക്കറ്റിലാക്കി എന്നായിരുന്നു പരിഹാസ രൂപേണ എതിരാളികൾ പറഞ്ഞിരുന്നത്. പക്ഷേ ഈ ഒരൊറ്റ മത്സരം കൊണ്ട് എല്ലാത്തിനും മറുപടി നൽകാൻ വിനീഷ്യസിന് സാധിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വിനീഷ്യസ് ഹാട്രിക്ക് പൂർത്തിയാക്കി. താരം നേടിയ ആദ്യത്തെ ഗോളൊക്കെ ബാഴ്സയെ തീർത്തും നിഷ്പ്രഭമാക്കുന്ന ഒന്നായിരുന്നു.വിനീഷ്യസിന്റെ മികവിന് മുന്നിൽ ഇത്തവണ അരൗഹോക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഒടുവിൽ റെഡ് കാർഡ് വഴങ്ങിക്കൊണ്ട് അദ്ദേഹത്തിന് കളം വിടേണ്ടി വരികയും ചെയ്തു. അക്ഷരാർത്ഥത്തിൽ വിനീഷ്യസ് ഈ ഡിഫൻഡറുടെ പോക്കറ്റ് കീറി എന്ന് തന്നെ പറയാം.

മാത്രമല്ല പതിവ് പോലെ വിനീഷ്യസ് എതിർ താരങ്ങളുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ബാഴ്സലോണ ബെഞ്ചിൽ ഇരിക്കുന്ന താരങ്ങളെ ഇദ്ദേഹം പരിഹസിക്കുകയും ചെയ്തു. മത്സരത്തിന്റെ സ്കോർ നില 4-1 ആണ് എന്നത് വിനീഷ്യസ് ബാഴ്സ ബെഞ്ചിനെ നോക്കി കൈകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. അതിനുശേഷം സാവിയോടും വിനീഷ്യസ് സംസാരിക്കുന്നുണ്ട്.റോഡ്രിഗോ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്.അതിന്റെ വീഡിയോ ഒക്കെ ഇപ്പോൾ വളരെയധികം വൈറലായിട്ടുണ്ട്. മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം വിനീഷ്യസാണ് സ്വന്തമാക്കിയത്. എല്ലാംകൊണ്ടും ബാഴ്സയെ വിനീഷ്യസ് തകർത്ത ഒരു ഫൈനലാണ് കടന്നുപോയത്.

Leave a Reply

Your email address will not be published. Required fields are marked *