അന്ന് മെസ്സി ജഴ്സി ഉയർത്തിയത് വെറുതെയല്ല, അധികമാർക്കും അറിയാത്ത ഒരു കാരണമുണ്ട്!
2017ൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി നടത്തിയ ജേഴ്സി സെലിബ്രേഷൻ ലോകപ്രശസ്തമാണ്. റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ആ മത്സരം നടന്നിരുന്നത്.മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ നിൽക്കുകയായിരുന്നു.എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ മെസ്സി ഒരു കിടിലൻ ഗോൾ നേടുകയും ബാഴ്സയെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.
പിന്നീട് മെസ്സി തന്റെ ജേഴ്സി ഊരി റയൽ ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു.ഈ സെലിബ്രേഷൻ പിന്നീട് വലിയ ശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ അതിന് പുറകിൽ അധികമാർക്കും അറിയാത്ത ഒരു കാരണമുണ്ട്. മെസ്സിക്ക് റയൽ ആരാധകരിൽ നിന്ന് ബോഡി ഷേമിങ്ങ് ഉൾപ്പെടെയുള്ള അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നാണ് മെസ്സി ആ സെലിബ്രേഷൻ നടത്തിയത് എന്നാണ് അദ്ദേഹത്തിന്റെ സഹതാരമായ ആൽബ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി എന്തുകൊണ്ടാണ് അന്ന് ആ ജേഴ്സി ഉയർത്തിക്കൊണ്ട് സെലിബ്രേഷൻ നടത്തിയത് എന്നതിന്റെ യഥാർത്ഥ കാരണം പലർക്കും അറിയില്ല. മത്സരത്തിനിടെ മെസ്സിയെ അധിക്ഷേപിച്ചുകൊണ്ട് റയൽ ആരാധകർ ചാന്റുകൾ ചെയ്തിരുന്നു. മെസ്സിയെ കുള്ളനെന്നും അംഗവൈകല്യം ഉള്ളവനെന്നും വിളിച്ചു കൊണ്ട് അധിക്ഷേപിക്കുകയാണ് റയൽ ആരാധകർ ചെയ്തത്.ആദ്യ പകുതിക്ക് ശേഷം ഡ്രസിങ് റൂമിലെത്തിയ മെസ്സി വളരെയധികം ദേഷ്യത്തിലായിരുന്നു.ഈ ആളുകൾ ഫുട്ബോളിന് പറ്റിയവരെല്ല എന്ന് അദ്ദേഹം സുവാരസിനോട് പറയുകയും ചെയ്തു. രണ്ടാം പകുതിയിലും അവർ മെസ്സിക്കെതിരെയുള്ള അധിക്ഷേപങ്ങൾ തുടർന്നു. മെസ്സി വിജയഗോൾ നേടിയതോടെ അദ്ദേഹം അതിനെല്ലാം മറുപടി നൽകിക്കൊണ്ട് അവരെ നിശബ്ദരാക്കി. എന്റെ പേര് ഓർത്തു വെച്ചോളൂ എന്ന രീതിയിലാണ് മെസ്സി ആ ജേഴ്സി സെലിബ്രേഷൻ നടത്തിയിട്ടുള്ളത് ” ഇതാണ് ആൽബ പറഞ്ഞിട്ടുള്ളത്.
പിന്നീട് ഈ ജേഴ്സി സെലിബ്രേഷൻ ഫുട്ബോൾ ലോകത്തെ പലരും അനുകരിച്ചിരുന്നു. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിന് മറുപടിയായി കൊണ്ട് സെലിബ്രേഷൻ നടത്തുകയും ചെയ്തിരുന്നു.ക്യാമ്പ് നൗവിൽ ഗോളടിച്ച ശേഷമായിരുന്നു റൊണാൾഡോ തന്റെ ജേഴ്സി പ്രദർശിപ്പിച്ചുകൊണ്ട് സെലിബ്രേഷൻ നടത്തിയത്.