അന്നവർ കിരീടം നേടിയത് പോലെ ആഘോഷിച്ചു: ലാലിഗ നേടിയതിന് പിന്നാലെ ബാഴ്സയെ പരിഹസിച്ച് കോർട്ടുവ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിനായിരുന്നു റയൽ മാഡ്രിഡ് എസ്പനോളിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോഡ്രിഗോ ഇരട്ട ഗോളുകൾ നേടിയപ്പോൾ അസെൻസിയോ,ബെൻസിമ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇതോടെ നാലു മത്സരങ്ങൾ ബാക്കി നിൽക്കെ തങ്ങളുടെ 35-ആം ലാലിഗ കിരീടം നേടാൻ റയലിന് സാധിച്ചിരുന്നു.
ഈ കിരീട നേട്ടത്തിന് പിന്നാലെ റയലിന്റെ ഗോൾകീപ്പറായ തിബൌട്ട് കോർട്ടുവ തങ്ങളുടെ ചിരവൈരികളായ ബാഴ്സയെ പരിഹസിച്ചിരുന്നു. അതായത് കഴിഞ്ഞ എൽക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സ റയലിനെ പരാജയപ്പെടുത്തിയിരുന്നു.എന്നാൽ അന്ന് പലരും കിരീടം നേടിയത് പോലെയാണ് ആഘോഷിച്ചത് എന്നാണ് പരിഹാസരൂപേണ കോർട്ടുവ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Thibaut Courtois wants all the smoke 😳 pic.twitter.com/uj8fIYZgEo
— GOAL (@goal) April 30, 2022
” ഞങ്ങളുടെ പ്രധാനപ്പെട്ട നിമിഷങ്ങൾ വന്നുചേർന്നത് എൽ ക്ലാസ്സിക്കോക്ക് ശേഷമാണ്. അന്ന് പലരും കിരീടം നേടിയത് പോലെയാണ് ആഘോഷിച്ചത്.ഞങ്ങളുടെ ലെവലിലേക്ക് തിരിച്ചെത്തി എന്നായിരുന്നു അവർ കരുതിയിരുന്നത്. പക്ഷേ ഞങ്ങൾ ശാന്തരായി തുടർന്നു, പരാജയപ്പെടുത്താൻ ബുദ്ധിമുട്ടേറിയ സെൽറ്റയെ പരാജയപ്പെടുത്തി.ഗെറ്റാഫെക്കെതിരെയും ഞങ്ങൾ വിജയം നേടി. ഇവരൊക്കെ എപ്പോഴും ബുദ്ധിമുട്ടുള്ള എതിരാളികളാണ്.ലാലിഗ കിരീടം ടീമിന്റെ പരിശ്രമം കൊണ്ട് കിട്ടിയതാണ്. ഞങ്ങള എല്ലാവരും അറ്റാക്കും ഡിഫന്റും ചെയ്തു.സെവിയ്യക്കെതിരെയുള്ള മത്സരം നിർണായകമായിരുന്നു. ഞങ്ങൾ പരാജയപ്പെട്ടു എന്ന് കരുതിയിടത്ത് നിന്നാണ് ഞങ്ങൾ തിരിച്ചു വന്നത് ” ഇതാണ് കോർട്ടുവ പറഞ്ഞത്.
റയലിന്റെ ലാലിഗ കിരീട നേട്ടത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച താരമാണ് കോർട്ടുവ.34 മത്സരങ്ങളിൽ നിന്ന് 14 ക്ലീൻ ഷീറ്റുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്.