അദ്ദേഹമൊരു അന്യഗ്രഹ ജീവി : തുർക്കിഷ് മെസ്സിയെ കുറിച്ച് ആഞ്ചലോട്ടി.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിനെ സ്വന്തമാക്കിയത്.തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിൽ നിന്നായിരുന്നു അദ്ദേഹം റയൽ മാഡ്രിഡിൽ എത്തിയത്.റയലിന്റെ ചിരവൈരികളായ എഫ്സി ബാഴ്സലോണ അദ്ദേഹത്തിനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 18 കാരനായ താരം ഭാവി വാഗ്ദാനമായി കൊണ്ടാണ് അറിയപ്പെടുന്നത്.
പക്ഷേ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം നടത്താൻ ഇതുവരെ ഗുലറിന് കഴിഞ്ഞിട്ടില്ല.ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.മെനിസ്ക്കസ് ഇഞ്ചുറിയാണ് താരത്തിന് ഏറ്റിരിക്കുന്നത്. ഇതിന്റെ വിവരങ്ങൾ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി നൽകിയിട്ടുണ്ട്. മാത്രമല്ല ഈ താരത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 18 കാരനായ ഏലിയൻ അഥവാ അന്യഗ്രഹ ജീവിയാണ് ഗുലർ എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Carlo Ancelotti: "Arda Güler is an alien at 18 years old." pic.twitter.com/ybrZPINt5Q
— Madrid Xtra (@MadridXtra) August 3, 2023
” 18 വയസ്സുള്ള ഒരു ഏലിയനാണ് ആർദ ഗുലർ.അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഒരു മാസത്തോളം അദ്ദേഹം ചിലപ്പോൾ പുറത്തിരിക്കേണ്ടി വരും. പക്ഷേ പേടിക്കാനൊന്നുമില്ല. താരത്തിന് സാധാരണ രൂപത്തിലുള്ള ട്രീറ്റ്മെന്റ് മതിയോ അതോ സർജറി വേണോ എന്നുള്ളത് ഞങ്ങൾ തീരുമാനിച്ചിട്ടില്ല.അദ്ദേഹം ഒരു മാസം പുറത്തിരിക്കേണ്ടി വന്നേക്കും ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
ഈ പ്രീ സീസണിൽ മികച്ച ഒരു തുടക്കം റയൽ മാഡ്രിഡിന് ലഭിച്ചിരുന്നു.AC മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെ അവർ പരാജയപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് എഫ് സി ബാഴ്സലോണ,യുവന്റസ് എന്നിവർക്കും മുന്നിൽ തകർന്നടിയുകയായിരുന്നു. അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളാണ് റയൽ മാഡ്രിഡ് വഴങ്ങേണ്ടി വന്നത്.