അത്ലെറ്റിക്കോക്കെതിരെയുള്ള മത്സരം, മെസ്സിയുൾപ്പെടുന്ന സൂപ്പർ താരങ്ങൾക്ക് പരിശീലനം നഷ്ടമായി!

ലാലിഗയിൽ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പരിശീലനം സൂപ്പർ താരം ലയണൽ മെസ്സിക്ക്‌ നഷ്ടമായി. പരിശീലകൻ റൊണാൾഡ് കൂമാന്റെ അനുമതിയോടെ തന്നെയാണ് മെസ്സി പരിശീലനത്തിന് എത്താതിരുന്നത്. അർജന്റൈൻ ടീമിലെ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം പതിനഞ്ച് മണിക്കൂർ യാത്ര ചെയ്ത് കഴിഞ്ഞ ദിവസം മെസ്സി ബാഴ്സയിൽ എത്തിയിരുന്നു. തുടർന്ന് താരം പിസിആർ പരിശോധനക്ക്‌ വിധേയനാവുകയും ചെയ്തിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതിന് ശേഷം മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കുകയൊള്ളൂ. ഇതോടെ ഇനി ഒരു പരിശീലനസെഷൻ മാത്രമാണ് മത്സരത്തിന് മുന്നോടിയായി മെസ്സിക്ക് ലഭിക്കുക. എന്നാൽ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ മെസ്സി കളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെസ്സിക്ക് പുറമേ ഡച്ച് താരം ഡിജോങ്, ബോസ്‌നിയൻ താരം പ്യാനിക്ക് എന്നിവർക്കും ഇന്നലത്തെ പരിശീലനം നഷ്ടമായിരുന്നു. ഇരുവരും തങ്ങളുടെ രാജ്യത്തിനൊപ്പം മത്സരങ്ങൾ കളിച്ചിരുന്നു. അതിന് ശേഷം വൈകിയാണ് ബാഴ്‌സലോണയിൽ എത്തിയത്. ഇരുവരുടെയും പിസിആർ ടെസ്റ്റ്‌ ഫലം ലഭിച്ചിട്ടില്ല. അത് നെഗറ്റീവ് ആയി കഴിഞ്ഞാലുടനെ ടീമിനൊപ്പം പരിശീലനം ആരംഭിക്കാം. ഇരുവരും അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര ടീമിനൊപ്പം കളിച്ച താരങ്ങൾ എല്ലാം തന്നെ പിസിആർ ടെസ്റ്റ്‌ പൂർത്തിയാക്കി നെഗറ്റീവ് ആയതിനു ശേഷം മാത്രമേ ബാഴ്സക്കൊപ്പം ചേരാൻ പാടൊള്ളൂ. മെസ്സി, ഡിജോങ്, പ്യാനിക്ക് എന്നിവർക്കെല്ലാം തങ്ങളുടെ നാഷണൽ ടീമിൽ വെച്ച് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് ബാഴ്‌സ അത്ലെറ്റിക്കോയെ അവരുടെ മൈതാനത്ത് വെച്ച് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *