അഗ്വേറോ ബാഴ്സ വിടുമോ? യാഥാർത്ഥ്യം ഇങ്ങനെ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ താരമായ സെർജിയോ അഗ്വേറോ എഫ്സി ബാഴ്സലോണയിൽ എത്തിയത്. മാഞ്ചസ്റ്റർ സിറ്റിയിൽ ഫ്രീ ഏജന്റായി കൊണ്ടാണ് അഗ്വേറോ ബാഴ്സയിൽ എത്തിയത്. അർജന്റീനയിൽ മെസ്സിയുടെ സഹതാരമായ അഗ്വേറോ മെസ്സിക്കൊപ്പം ക്ലബ്ബിൽ കളിക്കാമെന്ന ആഗ്രഹവുമായാണ് ബാഴ്സയിൽ എത്തിയിരുന്നത്.ഇത് അഗ്വേറോ തുറന്ന് പറയുകയും ചെയ്തിരുന്നു. അന്ന് അഗ്വേറോ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു.
” ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അദ്ദേഹത്തോടൊപ്പം കളിക്കുന്നത് എനിക്ക് സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. എനിക്ക് അദ്ദേഹത്തെ പണ്ടുമുതലേ അറിയാം. അദ്ദേഹം ബാഴ്സയിൽ തുടരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതായിരുന്നു ബാഴ്സയിൽ പ്രെസന്റ് ചെയ്യപ്പെട്ട ശേഷം അഗ്വേറോ പറഞ്ഞിരുന്നത്.
എന്നാൽ ലയണൽ മെസ്സി ബാഴ്സ വിട്ടു എന്നുള്ള സ്ഥിരീകരണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അഗ്വേറോയും ബാഴ്സ വിടുമെന്നുള്ള റൂമറുകളും പുറത്തേക്ക് വന്നു. അഗ്വേറോ തന്റെ അഭിഭാഷകരുമായി ക്ലബ്ബിനെ സമീപിച്ചു എന്നായിരുന്നു വാർത്തകൾ. എന്നാൽ സ്പാനിഷ് മാധ്യമമായ മാർക്ക അഗ്വേറോ ക്ലബ് വിടുമെന്നുള്ള കാര്യം നിഷേധിച്ചിട്ടുണ്ട്. അഗ്വേറോ ബാഴ്സയിൽ തുടരുമെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. ഇതുവരെ അഗ്വേറോ ബാഴ്സക്കായി അരങ്ങേറിയിട്ടില്ല. യുവന്റസിനെതിരെ താരത്തിന്റെ അരങ്ങേറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.