അഗ്വേറോക്ക് പകരക്കാരനെ വേണം, പോർച്ചുഗീസ് സൂപ്പർ താരത്തെ നോട്ടമിട്ട് സിറ്റി!

ഈ വരുന്ന സമ്മറിൽ കരാർ അവസാനിക്കുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്വേറൊ. താരത്തിന്റെ കരാർ ഇതുവരെ സിറ്റി പുതുക്കാത്തതിനാൽ താരം സിറ്റി വിട്ടേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്. അത്‌ മാത്രമല്ല ഫ്രീ ഏജന്റ് ആയാൽ താരത്തെ ബാഴ്സ റാഞ്ചിയേക്കുമെന്നുള്ള വാർത്തകളും സജീവമാണ്. ഏതായാലും താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് സിറ്റി. പ്രധാനമായും രണ്ട് താരങ്ങളെയാണ് സിറ്റി ലക്ഷ്യം വെക്കുന്നത്. ഒന്നാമതായി പരിഗണനയിലുള്ളത് ബൊറൂസിയ സൂപ്പർ താരം എർലിങ് ഹാലണ്ടാണ്. എന്നാൽ നിരവധി ക്ലബുകൾ താരത്തിന് പിന്നാലെയുണ്ട്.

രണ്ടാമതായി സിറ്റി ലക്ഷ്യം വെക്കുന്നത് അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ജാവോ ഫെലിക്സിനെയാണ്. യൂറോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ അത്‌ലെറ്റിക്കോ മാഡ്രിഡിൽ ഫെലിക്സ് സന്തുഷ്ടനല്ല എന്ന് വ്യക്തമാണ്. ചില സമയങ്ങളിൽ താരത്തിന് ആദ്യഇലവനിൽ ഇടം ലഭിക്കാറുമില്ല. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയും ഫെലിക്സ് ടീം വിടാൻ സാധ്യതകൾ കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ.ഏതായാലും കൂടുതൽ വ്യക്തമായ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ ലഭ്യമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *