അഗ്വേറൊയെയല്ല, കൂമാന് താല്പര്യം ആ താരത്തെ!

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്‌ട്രൈക്കർ പൊസിഷനിലേക്ക് ഒരു താരത്തെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഫ്രീ ഏജന്റ് ആവുന്ന താരത്തെയാണ് ബാഴ്സ ലക്ഷ്യം വെക്കുന്നത്. രണ്ട് താരങ്ങളാണ് നിലവിൽ ബാഴ്സക്ക് മുന്നിലുള്ളത് സിറ്റിയുടെ അർജന്റൈൻ താരം സെർജിയോ അഗ്വേറൊയും ലിയോണിന്റെ ഡച്ച് താരം മെംഫിസ് ഡീപേയും. ഇതിൽ ആരെ ചെയ്യും എന്ന സംശയത്തിലാണ് ബാഴ്സ.

കഴിഞ്ഞ ദിവസം താൻ സിറ്റി വിടുകയാണ് എന്ന് അഗ്വേറൊ ഔദ്യോഗികമായി പ്രസ്താവിച്ചിരുന്നു. പ്രസിഡന്റ്‌ ലാപോർട്ട, സൂപ്പർ താരം ലയണൽ മെസ്സി എന്നിവർക്ക് അഗ്വേറൊയെ ടീമിൽ എത്തിക്കാനാണ് താല്പര്യം. എന്നാൽ പരിശീലകൻ കൂമാന്റെ കാര്യം വ്യത്യസ്ഥമാണ്. കഴിഞ്ഞ സമ്മറിൽ തന്നെ ഡച്ച് താരമായ ഡീപേയെ ടീമിലെത്തിക്കാൻ കൂമാൻ പരിശ്രമിച്ചതാണ്. അന്നത് സാധ്യമായില്ല. ഇത്തവണയെങ്കിലും താരത്തെ ബാഴ്സയിൽ എത്തിക്കണമെന്ന നിലപാടുകാരനാണ് കൂമാൻ. അതിന് വ്യക്തമായ കാരണങ്ങളും കൂമാൻ നിരത്തുന്നുണ്ട്.

ഒന്നാമതായി താരത്തിന്റെ പ്രായമാണ്.27-കാരനായ ഡീപേ 32-കാരനായ അഗ്വേറൊയേക്കാൾ ഗുണം ചെയ്യുമെന്നാണ് കൂമാന്റെ കണ്ടെത്തൽ. മാത്രമല്ല ഡീപേ ഇപ്പോൾ മികച്ച ഫോമിലാണ്. 15 ഗോളുകളും 9 അസിസ്റ്റുകളും ഡീപേ ഈ സീസണിൽ നേടിക്കഴിഞ്ഞു.അഗ്വേറൊയാവട്ടെ പരിക്ക് മൂലം ഫോം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏതായാലും ഡീപേയെയാണോ അതോ അഗ്വേറൊയെയാണോ ബാഴ്‌സ പരിഗണിക്കുക എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *