ഹസാർഡ് തിരിച്ചെത്തി, ഒടുവിൽ പുതിയ ആക്രമണനിരയെ കണ്ടെത്തി സിദാൻ !

കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായിട്ട് ഒരു സ്ഥിരം ആക്രമണനിരയെ കളിപ്പിക്കാൻ റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാന് കഴിഞ്ഞിരുന്നില്ല. ബെൻസിമ, വിനീഷ്യസ്, റോഡ്രിഗോ, അസെൻസിയോ, ജോവിച്ച് എന്നിവരെയെല്ലാം മാറി പരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഈഡൻ ഹസാർഡും മാർക്കോ അസെൻസിയോയും പരിക്ക് മൂലം ഭൂരിഭാഗം സമയവും പുറത്തിരുന്നത് സിദാന് തിരിച്ചടിയായിരുന്നു. എന്നാൽ ഹസാർഡും അസെൻസിയോയും തിരിച്ചെത്തിയതോടെ പുതിയ ആക്രമണത്രയത്തെ കണ്ടുവെച്ചിരിക്കുകയാണ് സിദാൻ. എൽ ക്ലാസിക്കോയിൽ അസെൻസിയോ നടത്തിയ മികച്ച പ്രകടനവും വിനീഷ്യസിന്റെയും റോഡ്രിഗോയുടെയും ഫോമില്ലായ്‌മയുമാണ് സിദാനെ ഈയൊരു ത്രയത്തെ കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കുന്നത്. ബെൻസിമ, അസെൻസിയോ, ഹസാർഡ് എന്നീ മൂന്ന് പേരെയായിരിക്കും സിദാൻ ഇനി നിയോഗിക്കുക.

ഈ സീസണിലെ ആദ്യ മത്സരം ചാമ്പ്യൻസ് ലീഗിൽ ഈഡൻ ഹസാർഡ് കളിച്ചിരുന്നു. എൺപത്തിയൊന്ന് ദിവസത്തിന് ശേഷമാണ് താരം കളത്തിലേക്കിറങ്ങുന്നത്. ഓഗസ്റ്റ് ഏഴിന് നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിലായിരുന്നു ഹസാർഡ് അവസാനമായി കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളും പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു എന്ന് മാത്രമല്ല ഫോം കണ്ടെത്താനും താരത്തിന് കഴിഞ്ഞിരുന്നില്ല. 23 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമായിരുന്നു താരത്തിന് നേടാനായത്. എന്നാൽ അസെൻസിയോയാവട്ടെ പരിക്ക് മൂലം ഏകദേശം ഒരു വർഷത്തോളമാണ് പുറത്തിരുന്നത്. കഴിഞ്ഞ ജൂലൈയിൽ താരത്തിന്റെ ഇടതു കാൽമുട്ടിന് ലിഗ്മെന്റ് ഇഞ്ചുറി പിടിപെടുകയായിരുന്നു. തുടർന്ന് ഒരു വർഷത്തിനടുത്ത് താരത്തിന് നഷ്ടമായി. ഏതായാലും ഇരുവരും തിരിച്ചു വന്നത് സിദാന് ആശ്വാസമാണ്. വരും മത്സരങ്ങളിൽ ഹസാർഡ്-ബെൻസിമ-അസെൻസിയോ ത്രയത്തെ കാണാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *