ശസ്ത്രക്രിയ കഴിഞ്ഞു: ടെർ സ്റ്റെഗെണ് രണ്ടര മാസത്തോളം പുറത്തിരിക്കേണ്ടി വരും

FC ബാഴ്സലോണയുടെ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർ സ്റ്റെഗെൺ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും താരത്തിന് രണ്ടര മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നും Fc ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. അങ്ങനെയെങ്കിൽ ടെർ സ്റ്റെഗെണ് അടുത്ത സീസണിൻ്റെ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാവും. സെപ്തംബർ മധ്യത്തോടെയാണ് ലാ ലിഗയിലെ അടുത്ത സീസൺ ആരംഭിക്കുന്നത്.

ഈ വർഷം തുടക്കം മുതൽ കാൽമുട്ടിന് പ്രശ്നങ്ങൾ അനുഭവപ്പെട്ട ടെർ സ്റ്റെഗെൺ ജനുവരിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിൽ കളിച്ചിരുന്നില്ല. എന്നാൽ ചെറിയ ചികിത്സകൾക്ക് ശേഷം താരം കളിക്കളത്തിൽ തിരിച്ചെത്തി. സീസണിൻ്റെ അവസാന ഘട്ടത്തിൽ പലപ്പോഴും കാൽമുട്ടിൽ അസ്വസ്ഥത അനുഭപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹമിപ്പോൾ ശസ്ത്രക്രിയക്ക് വിധേയനായിരിക്കുന്നത്. ഈ സീസണിൽ എല്ലാ കോമ്പറ്റീഷനുകളിലുമായി 46 മത്സരങ്ങളിലാണ് ടെർ സ്റ്റെഗെൺ ബാഴ്സയുടെ വല കാത്തത്. 36 ലാ ലിഗ മത്സരങ്ങളിലും 8 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും 2 കോപ്പ ഡെൽറേ മത്സരങ്ങളിലും അദ്ദേഹം കളിച്ചു. ഈ മത്സരങ്ങളിൽ നിന്നും 15 ക്ലീൻ ഷീറ്റുകൾ നേടാനും താരത്തിനായി.

Leave a Reply

Your email address will not be published. Required fields are marked *