വിനീഷ്യസ് ചാമ്പ്യൻസ് ലീഗ് കണ്ടത് പൈറസി: പരാതിയുമായി ടെബാസ്
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.അലക്സിസ് മാക്ക് ആലിസ്റ്റർ,ഗാക്പോ എന്നിവർ നേടിയ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്.ഈ മത്സരത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ കളിച്ചിരുന്നില്ല. പരിക്ക് കാരണമാണ് അദ്ദേഹത്തിന് മത്സരം നഷ്ടമായത്.
എന്നാൽ ഈ മത്സരം വീക്ഷിക്കുന്നതിന്റെ ഒരു ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസ് ഇത് വിവാദമാക്കിയിട്ടുണ്ട്. എന്തെന്നാൽ ബ്രസീലിയൻ ചാനലായ TNT സ്പോർട്സിലായിരുന്നു വിനീഷ്യസ് മത്സരം കണ്ടിരുന്നത്. യഥാർത്ഥത്തിൽ സ്പെയിനിൽ ചാമ്പ്യൻസ് ലീഗിന്റെ ടെലികാസ്റ്റിംഗ് റൈറ്റ് ഉള്ളത് മൂവി സ്റ്റാർ എന്ന ചാനലിനാണ്. അതുവഴി മത്സരം വീക്ഷിക്കാത്തതിനാലാണ് ടെബാസ് പരാതിയുമായി രംഗത്തു വന്നിട്ടുള്ളത്.റയൽ മാഡ്രിഡിന് ഒരു പരാതി അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് ടെബാസ് പറഞ്ഞത് ഇപ്രകാരമാണ്.
” ലിവർപൂളും റയൽ മാഡ്രിഡും തമ്മിൽ നടക്കുന്ന മത്സരത്തിനിടയിൽ വിനീഷ്യസ് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു.ആ സ്ക്രീനിൽ TNT സ്പോർട്സിന്റെ ലോഗോ നമുക്ക് കാണാൻ കഴിയും.എന്നാൽ അത് പൈറസിയാണ്. എന്തെന്നാൽ നിങ്ങൾ സ്പെയിനിൽ ആയിരിക്കുമ്പോൾ മൂവി സ്റ്റാർ വഴിയാണ് ചാമ്പ്യൻസ് ലീഗ് കാണേണ്ടത്. ഇക്കാര്യത്തിൽ റയൽ മാഡ്രിഡിന് ഞാൻ എഴുതിയിട്ടുണ്ട് ” ഇതാണ് ലാലിഗ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.
വിനീഷ്യസ് ജൂനിയർ ബ്രസീലിയൻ HBO മാക്സ് അക്കൗണ്ട് വഴിയാണ് TNT സ്പോർട്സിലൂടെ ഈ മത്സരം വീക്ഷിച്ചതെങ്കിൽ അത് നിയമലംഘനം അല്ല. അത് ലീഗലായിട്ടുള്ള കാര്യമാണ്. അതല്ല VPN ഉപയോഗിച്ചുകൊണ്ടാണ് വിനീഷ്യസ് ഈ ചാനൽ വഴി ഈ മത്സരം വീക്ഷിച്ചത് എങ്കിൽ അത് പൈറസിയാണ്. ഏതായാലും ഇക്കാര്യത്തിൽ വിനിയുടെ ഭാഗത്ത് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.