ലാലിഗ നേരത്തെ തുടങ്ങും, തിയ്യതി ഇതാണ്
കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തിവെച്ച ലീഗ് പുനരാരംഭിക്കാനൊരുങ്ങേ ലാലിഗയിൽ പുതിയ വഴിത്തിരിവ്. ലാലിഗ നടത്തിയ കോവിഡ് പരിശോധനയിൽ കൂടുതൽ താരങ്ങൾക്കും സ്റ്റാഫുകൾക്കും പോസിറ്റീവ് ആയതോടെ ലീഗ് പെട്ടന്ന് തുടങ്ങി പെട്ടന്ന് അവസാനിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ എഎസ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത മാസം ഇരുപതാം തിയ്യതി ലാലിഗ തുടങ്ങുമെന്നായിരുന്നു പ്രഥമറിപ്പോർട്ടുകൾ. എന്നാലിത് അടുത്ത മാസം, അതായത് ജൂൺ പന്ത്രണ്ടിന് തുടങ്ങാനാണ് ഇപ്പൊ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ബാഴ്സലോണ അടക്കമുള്ള ചില ടീമുകൾ പരിശീലനം ആരംഭിച്ചെങ്കിലും ഇനിയും പരിശീലനം നടത്താത്ത ടീമുകൾ ഉള്ള സാഹചര്യത്തിൽ ഇത് കുറച്ചു നേരത്തെ ആയിപ്പോയി എന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം അഞ്ച് പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതാണ് ലാലിഗ തിയ്യതിയിൽ മാറ്റം വരുത്താൻ കാരണം. ഇന്നത്തോടെ റയൽ, അത്ലറ്റികോ തുടങ്ങിയ ക്ലബുകൾ പരിശീലനം നടത്താൻ ഒരുങ്ങുകയാണ്. ഏതായാലും കൂടുതൽ പേർക്ക് സ്ഥിരീകരിച്ചതോടെ അധികൃതർ സുരക്ഷകൾ കർശനമാക്കിയിട്ടുണ്ട്. താരങ്ങൾ മാസ്ക് ധരിച്ച് ഒറ്റക്കൊറ്റക്കാണ് പരിശീലനം നടത്തുന്നത്. താരങ്ങൾ സാമൂഹികഅകലം നിർബന്ധമായും പാലിക്കണമെന്ന് സ്പാനിഷ് ഹയർ സ്പോർട്സ് കൌൺസിൽ നിർദേശിച്ചിട്ടുണ്ട്. ജൂലൈയോടെ ലീഗ് അവസാനിപ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് ലാലിഗ. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ലീഗ് മത്സരങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മറ്റുള്ള മത്സരങ്ങളും നടത്താനാണ് ഉദ്ദേശിക്കുന്നത്.