ലാലിഗ തിരിച്ചു വരുന്നു, ആദ്യമത്സരം തീരുമാനിച്ചു

കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിലച്ചു പോയ ലാലിഗ പുനരാരംഭിക്കാൻ നിശ്ചയിച്ച തിയ്യതി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ കോപേയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ജൂൺ പന്ത്രണ്ട് വെള്ളിയാഴ്ച്ച തന്നെ മത്സരങ്ങൾ പുനരാരംഭിച്ചേക്കുമെന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്. കോപെയെ ഉദ്ധരിച്ചു കൊണ്ട് മാർക്കയും ഈ വാർത്ത പുറത്തുവിട്ടിട്ടുണ്ട്. ഒരു ഡെർബിയോടെയാണ് ലാലിഗ കളത്തിലേക്ക് തിരിച്ചു വരിക.

ജൂൺ പന്ത്രണ്ടിന് നടക്കുന്ന മത്സരത്തിൽ സെവിയ്യ ഡെർബിയാണ് ലാലിഗ അധികൃതർ നടത്താൻ ഉദ്ദേശിക്കുന്നത്. ചിരവൈരികളായ സെവിയ്യയും റയൽ ബെറ്റിസുമാണ് അന്ന് ഏറ്റുമുട്ടുക. എസ്റ്റാഡിയോ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. തുടർന്ന് എല്ലാ ദിവസങ്ങളിലും മത്സരം നടത്തി പെട്ടന്ന് തന്നെ അവസാനിപ്പിക്കാനാണ് ലീഗ് അധികൃതരുടെ പദ്ധതി. ബാക്കിയുള്ള മത്സരഷെഡ്യൂളുകൾ ഉടനെ പുറത്തു വിടുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. ലാലിഗ തിരിച്ചു വരുന്ന തിയ്യതി പ്രസിഡന്റ്‌ ഹവിയർ ടെബാസാണ് അറിയിച്ചത്. എന്നാൽ സ്പാനിഷ് ഗവണ്മെന്റിന്റെയോ സ്പാനിഷ് ഫുട്ബോൾ ഫെഡറെഷന്റെയോ ഔദ്യോഗികഅനുമതി ഇതിന് ലഭിച്ചിട്ടില്ല.

ലീഗിലെ എല്ലാ ടീമുകളും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലാലിഗ തന്നെ നടത്തിയ കോവിഡ് ടെസ്റ്റിൽ കുറച്ചു പേരുടെ പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ അതൊന്നും തന്നെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചിരുന്നില്ല. ആദ്യത്തെ ആഴ്ച്ച താരങ്ങൾ ഒറ്റക്ക് തന്നെയാണ് പരിശീലനം നടത്തിയതെങ്കിലും പിന്നീട് ചെറിയ ഗ്രൂപ്പുകൾ ആയി പരിശീലനം നടത്താൻ തുടങ്ങിയിട്ടുണ്ട്. ഏതായാലും ജൂൺ പന്ത്രണ്ടിന് തന്നെ ലീഗ് തുടങ്ങും എന്ന പ്രതീക്ഷിയിലാണ് ഫുട്ബോൾ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *