ലാലിഗയിൽ കൂടുതൽ പെനാൽറ്റി ഗോളുകൾ, ക്രിസ്റ്റ്യാനോക്ക് പിറകിൽ രണ്ടാമതെത്തി മെസ്സി

ഇന്നലെ ലെഗാനസിനെതിരെ ബാഴ്സയുടെ രണ്ടാമത്തെ ഗോൾ പിറന്നത് മെസ്സിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി ഇന്നലത്തെ ഗോൾ സ്വന്തം പേരിൽ കുറിച്ചത്. ഇന്നലത്തെ മത്സരത്തിലെ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ മറ്റൊരു നേട്ടത്തിനടുത്താണ് മെസ്സി എത്തിച്ചേർന്നിട്ടുള്ളത്. ലാലിഗയിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകൾ നേടിയ താരം എന്ന ലിസ്റ്റിൽ രണ്ടാമതെത്താനാണ് ഇന്നലത്തെ പെനാൽറ്റി മെസ്സിയെ സഹായിച്ചത്. അത്ലറ്റികോ മാഡ്രിഡിന്റെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസതാരങ്ങളിലൊരാളായ ഹ്യൂഗോ സാഞ്ചസിനെയാണ് മെസ്സി ഇന്നലത്തെ പെനാൽറ്റിയോടെ മറികടന്നത്. ലാലിഗയിൽ മെസ്സി ലക്ഷ്യം കാണുന്ന 56 -ആം പെനാൽറ്റി ആയിരുന്നു ഇന്നലത്തെത്. 55 പെനാൽറ്റി ഗോളുകളാണ് ഹ്യൂഗോ സാഞ്ചസ് ഇത് വരെ നേടിയിട്ടുള്ളത്. ഇതോടെ ലാലിഗയിൽ ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമാവാനും മെസ്സിക്ക് സാധിച്ചു.

മുൻ റയൽ മാഡ്രിഡ്‌ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ലിസ്റ്റിൽ ഒന്നാമതെത്തി നിൽക്കുന്നത്. 61 പെനാൽറ്റി ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ ലാലിഗയിൽ റയൽ മാഡ്രിഡിന് വേണ്ടി നേടിയിട്ടുള്ളത്. അഞ്ച് പെനാൽറ്റി ഗോളുകൾ കൂടി മെസ്സി നേടിയാൽ ക്രിസ്റ്റ്യാനോക്കൊപ്പമെത്താൻ സാധിക്കും. അതേ സമയം ലാലിഗയിൽ 12 തവണ മെസ്സി പെനാൽറ്റി പാഴാക്കി കളഞ്ഞിട്ടുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പതിനൊന്ന് തവണ മാത്രമാണ് പെനാൽറ്റി പാഴാക്കി കളഞ്ഞിട്ടുള്ളത്. 2018-ൽ താരം ലാലിഗ വിട്ടതിനാൽ താരത്തിന്റെ കണക്കുകളിൽ മാറ്റം വന്നേക്കില്ല. മറിച്ച് മെസ്സിയുടെ കണക്കുകൾ ഇനിയും മാറിമറിയാം. ഇന്നലെ മെസ്സി നേടിയ ഗോൾ ഈ ലീഗിലെ താരത്തിന്റെ ഇരുപത്തിയൊന്നാം ഗോളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *