റോക്ക ഇനി ബാഴ്സക്കൊപ്പം, ഹൈദരാബാദിന് നന്ദി പറഞ്ഞ് ബാഴ്സ !

ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്സിയുടെ പരിശീലകൻ ആൽബർട്ട് റോക്ക ഇനി ബാഴ്സക്കൊപ്പം. ബാഴ്സയുടെ ഫിറ്റ്നസ് പരിശീലകനായാണ് ആൽബർട്ട് റോക്ക വീണ്ടും ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുന്നത്. ഇന്നലെയാണ് എഫ്സി ബാഴ്സലോണ തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൂടാതെ ഹൈദരാബാദ് എഫ്സി ബാഴ്സ നന്ദിയും പറഞ്ഞിട്ടുണ്ട്. റോക്കയെ തങ്ങൾക്ക് വിട്ടുതന്ന കാര്യത്തിലാണ് ഹൈദരാബാദിന് ബാഴ്സലോണ നന്ദി പറഞ്ഞത്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ ആണ് ആൽബർട്ട് റോക്കയെ ഫിറ്റ്നസ് പരിശീലകൻ ആയി തിരഞ്ഞെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൂമാനുമായി റോക്ക കൂടിക്കാഴ്ച്ച നടത്തിയത്.

ഇന്ത്യൻ ക്ലബുകളായ ബെംഗളൂരു എഫ്സിയെയും ഹൈദരാബാദ് എഫ്സിയെയും പരിശീലിപ്പിച്ചതിന് ശേഷമാണ് റോക്ക ബാഴ്‌സയിലേക്ക് ചേക്കേറുന്നത്. കൂമാന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രധാനികളിൽ മൂന്നാമനാണ് റോക്ക. മുമ്പ് ആൽഫ്രെഡ് ഷ്രൂഡറെയും ഹെൻറിക്ക് ലാർസനെയും കൂമാൻ കോച്ചിംഗ് സ്റ്റാഫിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇതാദ്യമായല്ല റോക്ക ബാഴ്സയിൽ ഈ സ്ഥാനം വഹിക്കുന്നത്. 2003 മുതൽ 2008 വരെ റൈകാർഡിന് കീഴിൽ ഇദ്ദേഹം ഈ പൊസിഷനിൽ തുടർന്നിരുന്നു. ” റൊണാൾഡ് കൂമാനൊപ്പം ഫിറ്റ്നസ് കോച്ചായി പ്രവർത്തിക്കാൻ ആൽബർട്ട് റോക്ക തീരുമാനിച്ചിരിക്കുന്നു. റോക്കയെ അനുവദിച്ചു തന്നതിൽ ഹൈദരാബാദ് എഫ്സിയോട് നന്ദി പറയുന്നു. മുമ്പ് റൈകാർഡിനൊപ്പം ബാഴ്സയിൽ പ്രവർത്തിച്ചിരുന്ന ആളാണ് റോക്ക. ഇന്ത്യൻ സൂപ്പർ ലീഗിനും എല്ലാ വിധ ആശംസകളും നേരുന്നു ” ഇതാണ് ബാഴ്സലോണ ട്വിറ്റെറിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *