റൊണാൾഡോ സ്റ്റേഡിയത്തിൽ ഉണ്ടെന്ന് പോലും താൻ അറിഞ്ഞിരുന്നില്ല :വിനീഷ്യസ്
കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ സൂപ്പർ ഹീറോ പരിവേഷമായിരുന്നു റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് ചാർത്തികിട്ടിയിരുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ ബാഴ്സയെ പരാജയപ്പെടുത്തിയ മത്സരത്തിൽ നിർണായകമായ ആദ്യഗോൾ പിറന്നത് വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു. തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സെലിബ്രേഷനോട് സാമ്യമുള്ള സെലിബ്രേഷനായിരുന്നു വിനീഷ്യസ് ജൂനിയർ നടത്തിയിരുന്നത്. ഇതിന് പിന്നാലെ ഒരുപാട് ഊഹാപോഹങ്ങൾ ഫുട്ബോൾ ലോകത്ത് പരക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ ഹാഫ് ടൈം സമയത്ത് റയൽ ഡ്രസിങ് റൂമിലെത്തിയെന്നും വിനീഷ്യസിന് നിർദ്ദേശങ്ങൾ നൽകിയെന്നും ക്രിസ്റ്റ്യാനോക്ക് സമർപ്പിച്ചുകൊണ്ടാണ് ആ ഗോൾ സെലിബ്രേഷൻ നടത്തിയതെന്നുമൊക്കെ ഫുട്ബോൾ ലോകത്ത് ചിലർ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ ഈ വാർത്തകളെയെല്ലാം നിഷേധിച്ചു കൊണ്ട് വിനീഷ്യസ് ജൂനിയർ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഔദ്യോഗികയൂട്യൂബ് ചാനലിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് താരം ഈ വാർത്തകളിലൊന്നും തന്നെ സത്യമില്ലെന്ന് വെളിപ്പെടുത്തിയത്. ആ സെലിബ്രേഷൻ ഒരിക്കലും തന്നെ റൊണാൾഡോയെ അനുകരിച്ചതല്ലെന്നും റൊണാൾഡോ സ്റ്റേഡിയത്തിലുള്ളത് മത്സരശേഷമാണ് താൻ അറിഞ്ഞതെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായത്.
” ആ ഒരു സെലിബ്രേഷൻ ആ നിമിഷത്തിൽ സംഭവിച്ചു പോയ ഒന്നാണ്. സത്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു എന്നുള്ളത് പോലും എനിക്ക് അറിവില്ലാത്തതായിരുന്നു. മത്സരശേഷം പ്രസിഡന്റ് പറഞ്ഞപ്പോഴാണ് അദ്ദേഹം മത്സരം കാണാനുണ്ടായിരുന്നു എന്ന കാര്യം ഞാൻ അറിയുന്നത്. അദ്ദേഹം ഒരിക്കൽ റയൽ മാഡ്രിഡിനെ സഹായിച്ച പോലെ എനിക്കും സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന്റെ ഇതിഹാസം തന്നെയാണ് ” വിനീഷ്യസ് ജൂനിയർ പറഞ്ഞു.