രണ്ട് തവണ റയലിന്റെ ഓഫർ വന്നു, നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ലൗറ്ററോ!

ഈ സീസണിൽ ഇന്റർമിലാന് വേണ്ടി മികച്ച പ്രകടനമാണ് അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ് പുറത്തെടുക്കുന്നത്. ഇത്തവണത്തെ സിരി എ കിരീടം ഇന്ററിന് നേടികൊടുക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കാൻ ലൗറ്ററോക്ക് കഴിഞ്ഞിരുന്നു.15 ഗോളുകളും 5 അസിസ്റ്റുകളും താരം ഈ സിരി എയിൽ ഇന്ററിന് വേണ്ടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ലൗറ്ററോ.

താൻ റേസിംഗ്‌ ക്ലബ്ബിന്റെ യൂത്ത് ടീമിൽ കളിക്കുന്ന കാലത്ത് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌ രണ്ട് തവണ ഓഫറുമായി തന്നെ സമീപിച്ചുവെന്നും താൻ അത്‌ നിരസിച്ചു എന്നുമാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. യൂറോപ്പിലേക്ക് ചേക്കേറാൻ താൻ അന്ന് തയ്യാറായിരുന്നില്ലെന്നും അർജന്റീനയിൽ തന്നെ തനിക്ക് പേരെടുക്കേണ്ട ആവിശ്യമുണ്ടായിരുന്നുവെന്നും അതിനാലാണ് ഓഫർ നിരസിച്ചതെന്നും ലൗറ്ററോ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോട്‌ സംസാരിക്കുകയായിരുന്നു താരം.2018-ലാണ് ലൗറ്ററോ 25 മില്യൺ യൂറോക്ക് റേസിംഗിൽ നിന്നും ഇന്ററിൽ എത്തിയത്.

” ഞാൻ റേസിംഗ്‌ യൂത്ത് ടീമിൽ കളിക്കുന്ന സമയത്ത് റയൽ മാഡ്രിഡ്‌ രണ്ട് തവണ ഓഫറുമായി സമീപിച്ചിരുന്നു.പക്ഷേ ഞാനത് നിരസിക്കുകയായിരുന്നു. എന്തെന്നാൽ എനിക്ക് ആദ്യം അർജന്റീനയിൽ എന്റെ പേര് രേഖപ്പെടുത്തണമായിരുന്നു. മാത്രമല്ല, ഞാൻ അന്ന് യൂറോപ്പിലേക്ക് ചേക്കേറാൻ തയ്യാറായിരുന്നില്ല.ഇപ്പോൾ എനിക്കൊരു സ്വപ്നമുണ്ട്. ഒരിക്കൽ റേസിങ് ക്ലബ്ബിലേക്ക് തിരികെ എത്തണം.അവിടുത്തെ ആരാധകർ ഭയങ്കര ആത്മാർത്ഥയുള്ളവരാണ് ” ലൗറ്ററോ പറഞ്ഞു. അതേസമയം കഴിഞ്ഞ സീസണിൽ താൻ ബാഴ്‌സയിൽ ചേരുന്നതിന്റെ വക്കിൽ എത്തിയിരുന്നുവെന്നും ലൗറ്ററോ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *