മെസ്സി ബാഴ്സയിൽ അസ്വസ്ഥൻ, മുൻ അർജന്റൈൻ താരം പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ അസ്വസ്ഥനെന്ന് മുൻ അർജന്റൈൻ താരം യുവാൻ സെബാസ്റ്റ്യൻ വെറോൺ. കഴിഞ്ഞ ദിവസം ഒലെ എന്ന മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ വെറോൺ. മെസ്സിയുടെ ഫോമില്ലായ്മക്ക് കാരണം മെസ്സി ബാഴ്സയിൽ അസ്വസ്ഥനായത് കൊണ്ടാണ് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. മെസ്സിക്ക് പറ്റിയ താരങ്ങൾ നിലവിൽ ബാഴ്സലോണയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിൽ ആകെ ഏഴ് മത്സരങ്ങളാണ് എഫ്സി ബാഴ്സലോണ കളിച്ചത്. ഇതിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് മെസ്സി നേടിയിട്ടുള്ളത്. മൂന്ന് ഗോളുകളും പിറന്നത് പെനാൽറ്റിയിൽ നിന്നായിരുന്നു. ഓപ്പൺ പ്ലേയിൽ നിന്ന് മെസ്സി ഗോൾവരൾച്ച നേരിടുകയാണെന്ന് വ്യക്തമാണ്. ഇതിന് കാരണം ബാഴ്സ തന്നെയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്നലെ യുവന്റസിനെതിരെയുള്ള മത്സരത്തിലും താരം പെനാൽറ്റിയിൽ നിന്നാണ് ഗോൾ നേടിയത്.

” മെസ്സി ബാഴ്‌സയിൽ അസ്വസ്ഥനായി കൊണ്ടാണ് കളിക്കുന്നതെന്ന് എനിക്ക് കാണാനാവുന്നുണ്ട്. പ്രത്യേകിച്ച് ടീമിന്റെ ഇപ്പോഴത്തെ ആ മാറ്റത്തിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഈ വർഷങ്ങൾ മുഴുവനും അദ്ദേഹം ബാഴ്‌സയിൽ ഒരു കീ പ്ലയെർ ആയിരുന്നു. പക്ഷെ ഇപ്പോൾ ബാഴ്സക്ക് പരിവർത്തനം സംഭവിച്ചു. അവർ ഒരുപാട് കൂട്ടിചേർത്തലുകൾ നടത്തി കൊണ്ട് ഒരു ഐഡന്റിറ്റി കണ്ടെത്താൻ ശ്രമിക്കുകയാണ്. പക്ഷെ ഇതിൽ നിന്ന് എനിക്ക് വ്യക്തമായ ഒരു കാര്യമുണ്ട്. മെസ്സിക്ക് അനുയോജ്യമായ താരങ്ങളെ നൽകാൻ ഇതുവരെ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. ഒരു ടീം എന്ന നിലയിലും ഫോർമേഷനും അനുയോജ്യമാവാത്ത രീതിയിലാണ്. അത്കൊണ്ട് തന്നെ ചിലപ്പോൾ അദ്ദേഹത്തിനെതിരെയാണ് സംഭവിക്കുന്നത്. മെസ്സി എപ്പോഴും മത്സരിക്കാനും ഉയരത്തിലെത്താനും ശ്രമിക്കുന്ന ഒരു താരമാണ് എന്നോർമ്മ വേണം ” വെറോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *