മെസ്സിക്ക് അനുസരിച്ച് വേണം എല്ലാവരും കളിക്കാൻ: ഡി ജോംഗ്

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് അനുയോജ്യമായ രീതിയിൽ വേണം സഹതാരങ്ങൾ കളിക്കേണ്ടത് എന്ന ഉപദേശം നൽകി മധ്യനിര താരം ഫ്രങ്കി ഡിജോങ്. കഴിഞ്ഞ ദിവസം യുവേഫ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം മെസ്സിയെ കുറിച്ച് സംസാരിച്ചത്. അദ്ദേഹവുമായി നല്ല രീതിയിൽ ഇണങ്ങി ചേരാനാണ് താരങ്ങൾ ശ്രമിക്കേണ്ടത് എന്നാണ് ഡിജോങിന്റെ അഭിപ്രായം. ഈ സീസണിൽ മെസ്സിക്ക് തന്റെ പ്രതാപകാലത്തിന്റെ അടുത്തെത്താൻ പോലും സാധിച്ചിട്ടില്ല. ഈ ലാലിഗയിൽ അഞ്ച് മത്സരങ്ങൾ കളിച്ച മെസ്സിക്ക് കേവലം ഒരു ഗോൾ മാത്രമാണ് നേടാൻ സാധിച്ചത്. അത് തന്നെ പെനാൽറ്റിയിലൂടെയായിരുന്നു. ഒരൊറ്റ അസിസ്റ്റും പോലും ഈ സൂപ്പർ താരത്തിന് ഇതുവരെ നേടാൻ സാധിച്ചിട്ടില്ല. അതേസമയം അൻസു ഫാറ്റി മികച്ച ഫോമിലുമാണ് കളിക്കുന്നത്. ലീഗിൽ നാലു ഗോളുകൾ താരം നേടികഴിഞ്ഞു. കൂമാന്റെ 4-2-3-1 എന്ന ശൈലിയോട് ഇണങ്ങിചേരാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. അതിന് സഹതാരങ്ങൾ കൂടി സഹായിക്കണം എന്നാണ് ഡിജോങ്ങിന്റെ അഭിപ്രായം.

” മെസ്സി നിങ്ങളുടെ ടീമിൽ ഉണ്ടെങ്കിൽ അതിനർത്ഥം ലോകത്തിലെ ഏറ്റവും മികച്ച താരം നിങ്ങളുടെ ടീമിൽ ഉണ്ടെന്നാണ്.എല്ലാവരും അദ്ദേഹത്തെ ഏറ്റവും മികച്ച പൊസിഷനിൽ എത്തിക്കാൻ വേണ്ടിയാണ് ശ്രമിക്കേണ്ടത്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് വ്യത്യസ്ഥകൾ സൃഷ്ടിക്കാൻ കഴിയും. അത്കൊണ്ട് തന്നെ എല്ലാ താരങ്ങളും മെസ്സിക്ക് അനുസരിച്ച് കളിക്കാൻ ശ്രമിക്കേണ്ടതുണ്ട്. അദ്ദേഹം ആ പൊസിഷനിൽ വെച്ച് ബോൾ സ്വീകരിച്ച ശേഷം അദ്ദേഹത്തിന് വ്യത്യസ്ഥകൾ സൃഷ്ടിക്കാൻ സാധിക്കും. തീർച്ചയായും എപ്പോഴും അദ്ദേഹം അത് സൃഷ്ടിക്കുന്നതാണ് ” ഡിജോങ് പറഞ്ഞു. മെസ്സിക്ക് കൃത്യമായ സ്ഥലത്ത് പന്തെത്തിച്ചു കൊടുക്കണമെന്നാണ് ഡിജോങിന്റെ അഭിപ്രായം. ഏതായാലും മെസ്സിക്ക് ബാഴ്സയിൽ ഇനിയും തിളങ്ങാൻ കഴിയും എന്ന് തന്നെയാണ് ഡിജോങ് വിശ്വസിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെയാണ് ഇനി ബാഴ്‌സയുടെ മത്സരം. എന്ത് വിലകൊടുത്തും ആ മത്സരം വിജയിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സിയും സംഘവും.

Leave a Reply

Your email address will not be published. Required fields are marked *