മിന്നും ഫോമിൽ ഫാറ്റി, അർഹിക്കുന്ന പരിഗണന കൂമാൻ നൽകുമോ?

യുവേഫ നേഷൻസ് ലീഗിൽ ഉക്രൈനെതിരായ മത്സരത്തിൽ അൻസു ഫാറ്റിയുടെയും ഭാഗത്തു നിന്നുണ്ടായ പ്രകടനം ആരും മറക്കാനിടയില്ല. ആദ്യമായി സ്പെയിനിന് വേണ്ടി ഫസ്റ്റ് ഇലവനിൽ ഇടം നേടിയ മത്സരത്തിൽ തന്നെ മിന്നുന്ന ഗോൾ നേടി ഫാറ്റി ചരിത്രതാളുകളിൽ ഇടംനേടിയിരുന്നു. മാത്രമല്ല സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റിക്ക് കാരണക്കാരൻ ആയതും ഫാറ്റിയായിരുന്നു. സ്പെയിൻ ചരിത്രത്തിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഫാറ്റി സ്വന്തം പേരിലാക്കിയിരുന്നു. 95 വർഷത്തെ റെക്കോർഡ് ആണ് ഫാറ്റി കടപ്പുഴക്കിയത്. കഴിഞ്ഞ സീസണിൽ ബാഴ്സക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ബാഴ്സക്ക് വേണ്ടി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമാവാനും ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമാവാനും ഫാറ്റിക്ക് സാധിച്ചിരുന്നു. ചുരുക്കത്തിൽ തകർപ്പൻ ഫോമിലാണ് ഫാറ്റി എന്നർത്ഥം. പക്ഷെ എന്നിരുന്നാലും മുൻ ബാഴ്സ പരിശീലകൻ സെറ്റിയൻ പ്രധാനമത്സരങ്ങളിൽ താരത്തെ തഴയുകയായിരുന്നു.

നാപോളി, ബയേൺ മ്യൂണിക്ക് എന്നിവരോടുള്ള മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംനേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ആ ഒരു അവസ്ഥക്ക് കൂമാന്റെ കീഴിൽ പരിഹാരമുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കൂമാൻ സ്ഥിരമായി താരത്തിന് ഫസ്റ്റ് ഇലവനിൽ ഇടം നൽകുമോ എന്നാണ് ബാഴ്സ ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്. നിലവിൽ ലൂയിസ് സുവാരസ് ക്ലബ്ബിന് പുറത്തേക്കാണ്. പിന്നീട് മെസ്സി, ഗ്രീസ്‌മാൻ, ഡെംബലെ, കൂട്ടീഞ്ഞോ ബ്രൈത്വെയിറ്റ്, എന്നിവരോടാണ് സ്ഥാനത്തിന് വേണ്ടി ഫാറ്റി പോരാടേണ്ടത്. എന്നാൽ ബാഴ്സ ലക്ഷ്യമിടുന്ന ഡിപേ, ലൗറ്ററോ എന്നിവർ എത്തിയാൽ ഫാറ്റിയുടെ കാര്യം ബുദ്ദിമുട്ടിലാവും. പക്ഷെ അതിൽ പരിഭവമില്ല എന്ന് ഫാറ്റി തന്നെ തുറന്നു പറഞ്ഞിരുന്നു. ഞാൻ പരിശീലനം തുടരുമെന്നും ആരൊക്കെ ടീമിൽ ഉൾപ്പെടുത്തണമെന്നത് കോച്ചിന്റെ തീരുമാനം ആണെന്നുമായിരുന്നു ഫാറ്റി പറഞ്ഞത്. അവസരങ്ങൾക്ക് വേണ്ടി പോരാടുമെന്നും അവസരങ്ങൾ ലഭിച്ചാൽ ഉപയോഗപ്പെടുത്തുമെന്നും ഫാറ്റി കൂട്ടിച്ചേർത്തു. ഏതായാലും അടുത്ത സീസണിൽ ബാഴ്സക്ക് ഫാറ്റി വലിയ മുതൽകൂട്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *