ബർതോമ്യു സ്ഥാനമൊഴിഞ്ഞത് ബാഴ്‌സയെ പടുകുഴിയിലേക്ക് തള്ളിയിട്ടു കൊണ്ട്, എന്ത് ചെയ്യണമെന്നറിയാതെ ബാഴ്‌സ !

ഈ മാസം നടക്കേണ്ടിയിരുന്ന അവിശ്വാസപ്രമേയത്തിന് മുന്നേ ബാഴ്സ പ്രസിഡന്റ്‌ ആയിരുന്ന ബർതോമ്യു പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചിരുന്നു. നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച ശേഷമാണ് ബർതോമ്യു സ്ഥാനമൊഴിഞ്ഞത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ബാഴ്സയെ പടുകുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷമാണ് ബർതോമ്യു നടന്നകത്. ഈ ആറ് വർഷക്കാലത്തിനിടെ അദ്ദേഹമെടുത്ത പല തീരുമാനവും ബാഴ്സയുടെ തകർച്ചക്ക് കാരണമാവുകയായിരുന്നു. ഇപ്പോഴിതാ കളത്തിന് പുറത്തു സാമ്പത്തികമായും ബാഴ്സ ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുകയാണ്. സൂപ്പർ താരങ്ങൾ കളിക്കുന്ന ഒരു ക്ലബ് ഇപ്പോൾ പാപ്പരത്വത്തിന്റെ വക്കിലാണ്. പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടുവെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അല്ലയിത്.

സൂപ്പർ താരം നെയ്മർ ജൂനിയറെ ലോകറെക്കോർഡ് തുകക്ക് വിറ്റ ബാഴ്‌സ പിന്നീട് സാമ്പത്തികമായി ഇങ്ങനെ അധംപതിക്കാൻ നിരവധി കാരണങ്ങളാണുള്ളത്. സൂപ്പർ താരങ്ങളായ ഉസ്മാൻ ഡെംബലെ, ഫിലിപ്പെ കൂട്ടീഞ്ഞോ, അന്റോയിൻ ഗ്രീസ്‌മാൻ എന്നിവരെ കണ്ണു തള്ളിക്കുന്ന വിലകൊടുത്തു വാങ്ങിയ ബാഴ്‌സയുടെ നീക്കങ്ങൾ അമ്പേ പരാജയമായിരുന്നുവെന്ന് പിന്നീട് ബാഴ്സയുടെ പ്രകടനങ്ങൾ തെളിയിച്ചു. ചുരുക്കത്തിൽ കോവിഡ് പ്രതിസന്ധി മാത്രമല്ല ബാഴ്‌സയുടെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. മറിച്ച് ഈ മൂന്നാലു വർഷങ്ങളായി ബർതോമ്യുവും അദ്ദേഹത്തിന്റെ മാനേജ്മെന്റും പയറ്റിയിരുന്ന മോശം പരിഷ്ക്കാരങ്ങളും പിന്തിരിപ്പൻ നയങ്ങളുമായിരുന്നു. ബാഴ്‌സ നേരിടുന്നത് വൻപ്രതിസന്ധിയാണെന്ന് താൽകാലിക പ്രസിഡന്റ്‌ ടുസ്ക്കെറ്റ്സ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇനി വരുന്ന പ്രസിഡന്റും ബോർഡും ആര് തന്നെയായാലും ബാഴ്‌സ കൈപ്പിടിച്ചു ഉയർത്തണമെങ്കിൽ വിയർപ്പും പണവും ഒഴുക്കേണ്ടി വരുമെന്നുള്ളത് നഗ്നമായ സത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *