ബാഴ്‌സ വിടുമോ? തീരുമാനമെടുത്ത് ഫാറ്റി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാൻസ്ഫർ ലോകത്ത് പ്രചരിച്ചു കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളിലൊന്നാണ് ബാഴ്സ വണ്ടർ കിഡ് അൻസു ഫാറ്റി മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കെന്ന്. താരത്തിന് വേണ്ടി രണ്ട് ഓഫറുകളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സയെ സമീപിച്ചത്. ആദ്യം 89 മില്യൺ പൗണ്ട് താരത്തിന് വേണ്ടി യുണൈറ്റഡ് ഓഫർ ചെയ്‌തെങ്കിലും ബാഴ്സ നിരസിക്കുകയായിരുന്നു. 150 മില്യൺ എങ്കിലും താരത്തിന് വേണ്ടി ലഭിക്കണം എന്നായിരുന്നു ബാഴ്സയുടെ അഭിപ്രായം. പിന്നീട് 136 മില്യൺ പൗണ്ടിന്റെ ഓഫറുമായി മാഞ്ചസ്റ്റർ വീണ്ടും ബാഴ്സയെ ശ്രമിച്ചു എന്ന് റിപ്പോർട്ട്‌ ചെയ്തത് കറ്റാലൻ മാധ്യമമായ സ്പോർട്ട് ആയിരുന്നു. എന്നാൽ ഇതും ബാഴ്സ നിരസിക്കുകയായിരുന്നു. എന്നാലിപ്പോഴിതാ ഈ കാര്യത്തിൽ ഫാറ്റി തന്നെ ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ്. മറ്റൊരു ക്ലബ്ബിലേക്ക് പോവാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ബാഴ്സയിൽ തന്നെ തുടരാനാണ് തനിക്ക് താല്പര്യമെന്നും അറിയിച്ചിരിക്കുകയാണിപ്പോൾ ഫാറ്റി. കറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അൻസു ഫാറ്റിയുമായി ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ സംസാരിച്ചിട്ടില്ലെന്നും എംഡി റിപ്പോർട്ടിൽ പറയുന്നുണ്ട്. പകരം ബാഴ്സ അധികൃതരോടാണ് യുണൈറ്റഡ് സംസാരിച്ചത്. പക്ഷെ തനിക്ക് ഒരു ലോങ്ങ്‌ ടെം കരാറാണ് ആവിശ്യമെന്ന് ഫാറ്റി ബാഴ്സയെ അറിയിച്ചു കഴിഞ്ഞുവെന്നും ബാഴ്സ ഇതിന് സമ്മതം മൂളിയതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. 362 മില്യൺ പൗണ്ട് എന്ന ഭീമൻ തുകയായിരിക്കും താരത്തിന്റെ റിലീസ് ക്ലോസായി നിശ്ചയിക്കുക എന്നും അറിയുന്നുണ്ട്. അങ്ങനെ ആണേൽ താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ തീരെ ഉദ്ദേശിക്കുന്നില്ല എന്നാണ്. ഈ സീസണിലാണ് ഫാറ്റി എന്ന താരം ഫുട്ബോൾ ലോകത്ത് ആരാധകശ്രദ്ധ പിടിച്ചു പറ്റിയത്. ബാഴ്സയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറെർ, ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറെർ എന്നീ റെക്കോർഡുകൾ എല്ലാം തന്നെ താരത്തിന്റെ പേരിലാണ്. ഈ സീസണിൽ 25 മത്സരങ്ങൾ കളിച്ച താരം ആറ് ഗോളുകൾ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *